ശ്രീലങ്കൻ ക്യാമ്പിൽ കൊവിഡ് വ്യാപനം: ഇന്ത്യ-ശ്രീലങ്ക പരമ്പര നീട്ടിവെച്ചു

 

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ മത്സരങ്ങൾ നീട്ടിവെച്ചു. ശ്രീലങ്കൻ ക്യാമ്പിലെ കൂടുതൽ അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് തീരുമാനം. പുതുക്കിയ തിയതി അനുസരിച്ച് ഏകദിന മത്സരങ്ങൾ ജൂലൈ 17, 19, 21 തിയതികളിലും ടി20 പരമ്പര 24, 25, 27 തിയതികളിലും നടക്കും. ജൂലൈ 15നാണ് നേരത്തെ ആദ്യ ഏകദിനം നിശ്ചയിച്ചിരുന്നത്.

മത്സരങ്ങൾ ആരംഭിക്കാൻ നാല് ദിവസങ്ങൾ ബാക്കി നിൽക്കെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്റ് ഫ്ളവറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്രീലങ്കൻ ടീമിന്റെ ഡാറ്റാ അനലിസ്റ്റായ ജി ടി നിരോഷനും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഗ്രാന്റ് ഫ്ളവറിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ടീം അംഗങ്ങളെയും സപ്പോർട്ട് സ്റ്റാഫിനെയും കഴിഞ്ഞ ദിവസം വൈകിട്ട് വീണ്ടും കൊവിഡ് പരിശോധനകൾക്ക് വിധേയരാക്കിയിരുന്നു. ജി ടി നിരോഷനെ ഐസോലേഷനിലേക്ക് മാറ്റിയതായും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു.