ചൊവ്വന്നൂരില്‍ വീണ്ടും നടപടി. ചൊവ്വന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത സെബേറ്റ വര്‍ഗീസിനെ പുറത്താക്കി. രണ്ട് എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ ആയിരുന്നു സെബേറ്റയുടെ ജയം.കുന്നംകുളം പൊലീസ് അതിക്രമത്തിനെതിരെ പോരാടിയ വര്‍ഗീസ് ചൊവ്വന്നൂരിന്റെ ഭാര്യയാണ് സെബേറ്റ.
നേരത്തെ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്തിരുന്നു നിതീഷ് എ എമ്മിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് നയങ്ങള്‍ക്ക് വിരുദ്ധമായി പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിച്ചുകൊണ്ട് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രസിഡന്റായ നിധീഷ് എ എമ്മിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നുവെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ ജോസഫ് ടാര്‍ജറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. എസ്ഡിപിഐ പിന്തുണയോടെ ജയിച്ച നിതീഷിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും രാജിവച്ചിരുന്നില്ല.
യുഡിഎഫിന് അഞ്ച് സീറ്റും, എല്‍ഡിഎഫിന് ആറ് സീറ്റും എസ്ഡിപിഐക്ക് രണ്ട് സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണ് ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. ബിജെപി അംഗം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതെ വിട്ടു നിന്നു. എസ്ഡിപിഐ പഞ്ചായത്ത് അംഗങ്ങളായ ഷാമില കബീര്‍, ഷഹീദ് എന്നിവരാണ് യുഡിഎഫിന് വോട്ട് ചെയ്തത്. ഇതോടെയാണ് യുഡിഎഫ് അധികാരത്തില്‍ എത്തിയത്. 25 വര്‍ഷമായി എല്‍ഡിഎഫ് ആണ് ചൊവ്വന്നൂര്‍ പഞ്ചായത്ത് ഭരിച്ചിരുന്നത്.






