ഷെയ്ൻ നിഗം നായകനായ ‘ഹാൽ’ എന്ന സിനിമ ഹൈക്കോടതി ഇന്ന് കാണും. രാത്രി എഴ് മണിക്ക് പടമുകൾ കളർ പ്ലാനറ്റിലാണ് പ്രത്യേക പ്രദർശനം. ജസ്റ്റിസ് വി ജി അരുണാണ് സിനിമ കാണാൻ എത്തുന്നത്. ജസ്റ്റിസ് വി ജി അരുണാണ് സിനിമ കാണാൻ എത്തുന്നത്. സിനിമയിൽ ധ്വജ പ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ പ്രയോഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് അണിയറ പ്രവർത്തകർ ഹൈക്കോടതി സമീപിച്ചത്.
സിനിമ മതസൗഹാർദം തകർക്കുന്നുവെന്ന് ആരോപിച്ച് കത്തോലിക്ക കോൺഗ്രസും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് സിനിമ കാണാൻ ഹൈക്കോടതി തയാറായത്. സിനിമ കാണാൻ എതിർ കക്ഷികളായ കത്തോലിക്ക കോൺഗ്രസ് പ്രതിനിധികളും ഉണ്ടാകും. ഫിലിം പ്രൊഡ്യൂസർ അസോസിയേഷൻ പ്രതിനിധികളും സിനിമ കാണാൻ എത്തുമെന്നാണ് വിവരം.
ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും റിലീസ് വൈകുന്നത് സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. സെൻസർ ബോർഡ് മാത്രം കണ്ട ചിത്രത്തിന്റെ വിവരങ്ങൾ എങ്ങിനെ കത്തോലിക്കാ കോൺഗ്രസ് പ്രതിനിധിയ്ക്ക് കിട്ടിയെന്ന ചോദ്യവും സംവിധായകൻ റഫീഖ് ഉന്നയിച്ചിരുന്നു.






