Headlines

‘രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ അല്ല മുകേഷിനെതിരെ ഉയർന്നത്, ഷാഫിയാണ് രാഹുലിന്റെ ഹെഡ്‌മാഷ്’; ഇ എൻ സുരേഷ് ബാബു

രാഹുൽ മാങ്കൂട്ടത്തിൽ ഒരു യോഗ്യതയും ഇല്ലാത്ത നേതാവെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. മുകേഷ് എം എൽ എക്കെതിരെയുള്ള വിവാദങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിരോധം തീർക്കുന്ന ശ്രമം അംഗീകരിക്കാൻ ആവില്ല. അത്‌ രാഹുലിനെ സംരക്ഷിക്കുന്ന നിലപാടെന്നും ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി. മുകേഷ് സിനിമ മേഖലയിൽ നിന്ന് പാർട്ടിക്ക് ഒപ്പം കൂടിയ ആളാണ്‌. രാഹുൽ പാർട്ടി പ്രവർത്തകനാണ്. രാഹുലിനെതീരെ ഉയർന്ന ആരോപണങ്ങൾ അല്ല മുകേഷിനെതിരെ ഉയർന്നത്. രാജി വെക്കുന്നത് വരെ പ്രധിഷേധിക്കും. അതിനർത്ഥം തടയും എന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുരേഷ് ബാബു രംഗത്തെത്തി. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചു. ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നും കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്‍റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചു.

രഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് അംഗീകരിക്കില്ല എന്നും, പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത് ശക്തമായ നടപടിയാണെന്നും, രാജി വെക്കണമെന്നും ഷാഫി പറയാൻ വെല്ലു വിളിക്കുകയാണ്. അതിനുള്ള ധൈര്യം ഷാഫിക്കുണ്ടാവില്ല. ഈ കാര്യത്തിൽ കൂട്ടുകച്ചവടമാണ്. രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫി. പിന്നെ എങ്ങനെയാണ് രാഹുലിനോട് കാര്യങ്ങൾ ചോദിക്കുകയെന്ന് ജില്ലാ സെക്രട്ടറി ചോദിക്കുന്നു.

എങ്ങനെയാണ് ഒരു രാഷ്ട്രീയ പ്രവ‍ർത്തകന് ഇങ്ങനെ പെരുമാറാനാകുന്നത്. കാണാൻ ഭംഗിയുള്ള ആരെയെങ്കിലും കണ്ടാൽ ബെംഗളൂരുവിന് ട്രിപ്പ് അടിക്കാമെന്നാണ് ഹെഡ് മാഷ് തന്നെ ചോദിക്കുന്നത്. അതിലും വലിയ അധ്യാപകരാണ് മുകളിലുള്ളത്. അതുകൊണ്ടാണ് വലിയ നേതാക്കൾ ഇവ‍ർക്കെതിരെ ഒന്നും മിണ്ടാത്തത്. രാഹുലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സസ്പെൻഡ് ചെയ്തതിന് പിന്നിലും ഒരു കാരണമുണ്ട്. വന്ന് വന്ന് മുറത്തിൽ കൊത്തിയപ്പോഴാണ് നടപടി ഉണ്ടായത്. അത് എന്താണെന്ന് വഴിയെ അറിയാമെന്നും സുരേഷ് ബാബു പറഞ്ഞു.