യുവരാഷ്ട്രീയ നേതാവിനെതിരായ യുവനടിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഇവർ നാടിന്റെ നേതൃത്വം ആയാൽ എന്തായിരിക്കും അവസ്ഥയെന്ന് സുരേഷ് ബാബു ചോദിച്ചു. ചാനലുകൾ വലുതാക്കിയ നേതാവാണ് ഇയാളെന്നും റീൽസിലൂടെയാണ് ഇയാൾ വളർന്നതെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.
ഈ ജനപ്രതിനിധി കേരളത്തിന് തന്നെ അപമാനമാണെന്ന് ഇ എൻ സുരേഷ് ബാബു പറഞ്ഞു. ആദ്യം വ്യാജൻ ഇപ്പോൾ കോഴി എന്ന് അദേഹം പരിഹസിക്കുകയും ചെയ്തു. ഈ നേതാവിൻ്റെ ആത്മ സുഹൃത്ത് ഉണ്ടല്ലോ ഷർട്ടും മുണ്ടും ഞങ്ങൾ മാറിമാറി ഇടും എന്ന് പറഞ്ഞയാൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് സുരേഷ് ബാബു ചോദിച്ചു. ഇങ്ങനെയുള്ളവരെ വിളിച്ച് ചർച്ച ചെയ്യുമ്പോൾ വനിത ആങ്കർമാരെ ഇരുത്തരുതെന്നും ഇത്തരക്കാർ ആണ് ചർച്ചയ്ക്ക് വരുന്നതെങ്കിൽ വനിതാ മാധ്യമ പ്രവർത്തകരെ അയക്കാതിരിക്കുകയെന്നും സുരേഷ് ബാബു പറഞ്ഞു.
അതേസമയം അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കും. രാജിവെക്കാൻ രാഹുലിനോട് ഹൈക്കമാൻ്റ് നിർദ്ദേശം നൽകി. ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ നിർദേശം നൽകിയത്.