യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി നടി റിനി ആൻ ജോർജ്. ഇപ്പോൾ പേര് വെളിപ്പെടുത്താൻ തയാറല്ലെന്നും ആ നേതാവ് ക്രിമിനൽ ബുദ്ധിയുള്ളയാളാണെന്നും റിനി പറഞ്ഞു. സൈബർ ആക്രമണം നേരിടുന്നുണ്ട്. ആ നേതാവിൻ്റെ ഭാഗത്ത് നിന്നടക്കമാണ് സൈബർ ആക്രമണം ഉണ്ടാകുന്നത്. അത് അദ്ദേഹത്തെ കൂടുതൽ പ്രതിരോധത്തിലാക്കുകയെ ഉള്ളൂവെന്ന് റിനി ആൻ ജോർജ് വ്യക്തമാക്കി.
തൻ്റെ ഭാഗത്ത് സത്യമുണ്ടെന്നും താൻ ഈ ആരോപണം ഉന്നയിച്ച ശേഷം ഒരുപാട് സ്ത്രീകൾ തന്നെ വിളിച്ചിരുന്നതായും റിനി മാധ്യമങ്ങളോട് പറഞ്ഞു. പലർക്കും ഇയാളിൽ നിന്നും ദുരനുഭവം നേരിട്ടിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാമോയെന്നും സംഘടനാപരമായ നടപടി ആ നേതാവിനെതിരെ എടുക്കുന്ന കാര്യത്തിൽ ആ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും റിനി പറഞ്ഞു.
തന്റെ വെളിപ്പെടുത്തലിലൂടെ യുവ രാഷ്ട്രീയ നേതാവിനെ നവീകരിക്കുകയാണ് ലക്ഷ്യമെന്ന് യുവനടി റിനി ആൻ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. എല്ലാം ഞാൻ അനുഭവിച്ചത് മാത്രം. ദേഷ്യപ്പെട്ടിട്ടും പിന്നെയും തുടർന്നു. കൂടുതൽ പറയുന്നില്ല. ഇത്തരത്തിൽ മുന്നോട്ട് പോകുന്നവരെ രാഷ്ട്രീയത്തിൽ വെച്ച് പൊറുപ്പിക്കരുതെന്ന് റിനി പറഞ്ഞു. ഇന്നലെയായിരുന്നു യുവ രാഷ്ട്രീയ നേതാവിനെതിരെ വെളിപ്പെടുത്തലുമായി റിനി രംഗത്തെത്തിയത്.