ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ആന്ത്രാപിക്കിന്റെ എ ഐ മോഡലായ ക്ലോഡ് ആണ് ഉപയോഗിച്ചത്. ആക്രമണത്തിന്റെ ആദ്യ മണിക്കൂറില്‍ 900 മിസൈലുകള്‍ അമേരിക്ക വിക്ഷേപിച്ചത് ക്ലോഡിന്റെ സഹായത്തോടെയാണ്. യുദ്ധ-ടെക് കമ്പനിയായ പലാന്തിറിന്റെ മാവെന്‍ സ്മാര്‍ട്ട് സിസ്റ്റത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള ക്ലോഡ് ആണ് യു എസ് സൈന്യം കൃത്യതയാര്‍ന്ന ആക്രമണത്തിന് ഉപയോഗിച്ചത്. (How AI is shaping the war in Iran america use ai technology in war)
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടുന്നതിനും യു എസ് സൈന്യം ക്ലോഡ് ഉപയോഗിച്ചിരുന്നു. ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനോ നിരീക്ഷണത്തിനോ ആക്രമണങ്ങള്‍ക്കോ ക്ലോഡിനെ ഉപയോഗിക്കരുതെന്ന് ആന്ത്രോപിക് വ്യക്തമാക്കിയിരുന്നു.നിബന്ധനകള്‍ വച്ച ആന്ത്രോപിക്കുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാന്‍ ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു. പെട്ടെന്ന് മറ്റൊരു എ ഐ മോഡലിലേക്ക് മാറുന്നതിലുള്ള ബുദ്ധിമുട്ടു മൂലം ആറു മാസത്തേക്ക് കൂടി ആന്ത്രോപിക്കിന്റെ സേവനം അമേരിക്ക ഉപയോഗിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് വ്യക്തമാക്കിയിരുന്നു. 2021ല്‍ ഓപ്പണ്‍ എ ഐയില്‍ നിന്നും തെറ്റിപ്പിരിഞ്ഞവരാണ് ആന്ത്രോപിക് സ്ഥാപിച്ചത്.എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്യമായി ടാര്‍ജെറ്റിനെ കണ്ടെത്തി ആക്രമിക്കുന്ന രീതി മൂലം സാധാരണ ജനങ്ങള്‍ മരണപ്പെടാതെയും പരുക്കേല്‍ക്കാതെയും നോക്കാനാകുമെന്ന വലിയ പ്രയോജനം വിദഗ്ധര്‍ എടുത്തുപറയുന്നുണ്ടെങ്കിലും യുദ്ധമുഖത്ത് എഐ കൂടിയെത്തുന്നതിനെ വലിയ ഭീഷണിയായി കണക്കാക്കുന്നവരും കുറവല്ല. യുക്രൈന്‍ യുദ്ധത്തിലും ഗസ്സയിലും എഐ ഉപയോഗിച്ചിരുന്നുവെന്നും അവിടെ സാധാരണ ജനങ്ങള്‍ മരണപ്പെടുന്നതില്‍ കുറവില്ലെന്നും വാദിക്കുന്നവരുമുണ്ട്. ഇമേജ് പ്രൊസസിങ്, ടാര്‍ജറ്റ് മാര്‍ക്കിങ് തുടങ്ങിയവയ്ക്കാണ് യുദ്ധമുഖത്ത് എഐ കൂടുതലായി ഉപയോഗിക്കുന്നത്. ഇറാന്‍ യുദ്ധത്തില്‍ എഐ ഉപയോഗിച്ചതായുള്ള വാര്‍ത്ത ആഗോള മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റാണ് പുറത്തുവിട്ടത്.







