Headlines

ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക; സൈനിക നടപടികള്‍ക്ക് അമേരിക്കന്‍ സൈന്യം തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ആണവ ചര്‍ച്ചകള്‍ക്കിടെ ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന സൈനിക നടപടികള്‍ക്ക് അമേരിക്കന്‍ സൈന്യം തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യന്‍ തീരത്ത് ഏതു സമയവും അമേരിക്കന്‍ പ്രസിഡന്റിന്റെ ഉത്തരവ് നടപ്പാക്കാന്‍ അമേരിക്കന്‍ സൈന്യം തയാറെന്ന് വിവരമുണ്ട്. ഇറാന്‍- അമേരിക്ക രണ്ടാം വട്ട ആണവചര്‍ച്ച ചൊവ്വാഴ്ച സ്വിറ്റ്സര്‍ലണ്ടിലെ ജനീവയില്‍ നടക്കും. (America toughens stance against Iran)പേര് വെളിപ്പെടുത്താത്ത രണ്ട് അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് അമേരിക്ക ഇറാനില്‍ സൈനിക ഇടപെടലിന് തയാറായിരിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇറാനെതിരെ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന സൈനിക നടപടികള്‍ക്ക് അമേരിക്കന്‍ സൈന്യം തയാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷങ്ങളേക്കാള്‍ രൂക്ഷമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇറാന്‍ തിരിച്ചടിക്കുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നതിനാല്‍ ഇതിനകം തന്നെ കനത്ത യുദ്ധസന്നാഹമാണ് അമേരിക്ക പശ്ചിമേഷ്യന്‍ തീരത്ത് വിന്യസിച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി യുദ്ധക്കപ്പലായ ജെറാള്‍ഡ് ഫോഡും പശ്ചിമേഷ്യന്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭരണമാറ്റമാണ് ഇറാന് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇറാനുമായി ആണവകരാറിലെത്തുന്നത് ബുദ്ധിമുട്ടേറിയ ദൗത്യമാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പ്രതികരിച്ചു. ഇതെല്ലാം യുദ്ധത്തിന് അമേരിക്ക ഒരുങ്ങുകയാണെന്ന സൂചനകളായാണ് കണക്കാക്കപ്പെടുന്നത്. ഇതിനിടെ ഇറാന്‍- അമേരിക്ക രണ്ടാം വട്ട ആണവ ചര്‍ച്ച ചൊവ്വാഴ്ച ജനീവയില്‍ നടക്കും.