ചാരുംമൂട് ∙മറ്റൊരു പ്രണയബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് പെൺസുഹൃത്തിനെ വീട്ടിൽക്കയറി ക്രൂരമായി തലയിലും മുഖത്തും വെട്ടിപ്പരുക്കേൽപിച്ച യുവാവ് അറസ്റ്റിൽ. ഹരിപ്പാട് കാർത്തികപ്പള്ളി ചിങ്ങോലി ശോഭ ഭവനത്തിൽ ശരത്കൃഷ്ണനാണ് (33) അറസ്റ്റിലായത്. ചാരുംമൂട് താമരക്കുളം സ്വദേശിയായ യുവതിയെ അതിഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
വിദേശത്തു ട്രാവൽ കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. യാത്രാപരിപാടികൾ സംഘടിപ്പിച്ചിരുന്നത് ഇവർ ചേർന്നാണ്. തങ്ങൾ ഒരുമിച്ചാണ് അവിടെ കഴിഞ്ഞിരുന്നതെന്നും ശരത്കൃഷ്ണൻ നൂറനാട് പൊലീസിൽ മൊഴി നൽകി. യുവതിയുടെ വിവാഹമോചനക്കേസ് നടന്നുവരികയാണ്. നാട്ടിൽ തിരിച്ചെത്തിയ ശേഷം യുവതി തന്നിൽ നിന്ന് അകലുന്നതായും മറ്റൊരാളുമായി അടുപ്പമുണ്ടെന്നും സംശയം തോന്നിയെന്നും ഇയാൾ പറയുന്നു.ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെത്തുടർന്നാണ് ഇയാൾ ചൊവ്വാഴ്ച രാത്രിയോടെ യുവതിയുടെ വീട്ടിലെത്തിയതെന്നു പൊലീസ് അറിയിച്ചു. വാക്കുതർക്കത്തിനിടെ തലയ്ക്കും മുഖത്തും വെട്ടുകയായിരുന്നു. മുഖത്തിന്റെ ഒരു ഭാഗം വെട്ടേറ്റ് പിളർന്ന നിലയിലാണ്. രക്തം വാർന്ന് അബോധാവസ്ഥയിലായ യുവതിയെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരത്തേക്കു മാറ്റുകയായിരുന്നു. ആക്രമണത്തിനു ശേഷം സ്ഥലംവിട്ട ശരത്കൃഷ്ണനെ ഇന്നലെ ഉച്ചയോടെയാണു ഹരിപ്പാട്ട് നിന്ന് കസ്റ്റഡിയിൽ എടുത്തത്.
നൂറനാട് സിഐ: ശ്യാം മുരളി, എസ്ഐ: കെ.ജി.ജവഹർ, ജിഎസ്ഐ: കെ.സുരേഷ്, സിപിഒമാരായ മനുകുമാർ, മണിലാൽ, വിഷ്ണു എന്നിവർ ചേർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തി കണ്ടെടുത്തിട്ടില്ല. ആലപ്പുഴയിൽ നിന്നു വിരലടയാള വിദഗ്ധർ, പൊലീസ് ഫൊട്ടോഗ്രഫർ, സയന്റിഫിക് ഓഫിസർ എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.








