Headlines

മദ്യലഹരിയിൽ തർക്കം: യുവാവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

കൊല്ലം∙ കോട്ടാത്തലയിൽ യുവാവ് വെട്ടേറ്റു മരിച്ചു. മൂഴിക്കോട് ആദർശ് ഭവനിൽ ആദർശ് (30) ആണ് മരിച്ചത്. സംഭവത്തിൽ പ്രതി സുനിതാ ഭവനിൽ സുനിൽകുമാർ (41) പൊലീസ് കസ്റ്റഡിയിൽ. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം. സുനിലിന്റെ വീട്ടിൽ വച്ചാണ് സംഭവം. ഇയാൾ ഇവിടെ തനിച്ചായിരുന്നു താമസം. ഒറ്റപ്പെട്ടയിടത്താണ് ഇയാളുടെ വീട്.കൊല്ലപ്പെട്ട ആദർശും പ്രതി സുനിലും സുഹൃത്തുക്കളാണ്. ഇരുവരും പതിവായി മദ്യപിക്കാറുണ്ട്. ഇന്നലെ ആദർശും സുനിലും ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായപ്പോൾ സുനിൽ കോടാലിക്കൈ ഉപയോഗിച്ച് ആദർശിന്റെ തലയ്ക്കടിച്ചു. ആദർശ് തിരിച്ചടിച്ചതിൽ പ്രകോപിതനായ സുനിൽ, കോടാലി കൊണ്ട് കഴുത്തിന് വെട്ടിക്കൊല്ലുകയായിരുന്നു.കൊലപാതകത്തിനു ശേഷം സുനിൽ, കോട്ടാത്തലയിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്കു പുറപ്പെട്ടു. പോകും വഴി ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് കൊലപാതക വിവരം അറിയിച്ചു. തുടർന്ന് പുത്തൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ആദർശ് മരിച്ചു കിടക്കുന്നതാണ് കണ്ടത്. പുലർച്ചെയോടെയാണ് സംഭവം പുറത്തറിയുന്നത്.