ന്യൂഡൽഹി ∙ ഡൽഹി ഉൾപ്പെടെ 7 സംസ്ഥാനങ്ങളിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) പുറത്തായവരെ വീണ്ടും ഉൾപ്പെടുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി തുടങ്ങി. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്ര, ജാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് അയച്ച കത്തിലാണു പുതിയ നടപടിക്രമം നിർദേശിച്ചത്.
പുറത്തായവർക്കു വീണ്ടും അവസരം നൽകണമെന്നാണു നിർദേശം. എന്യൂമറേഷൻ ഫോം കൈപ്പറ്റിയശേഷം തിരികെ നൽകാതിരുന്നവർക്കും ഇതിന്റെ നേട്ടം ലഭിക്കും. യോഗ്യതയുള്ള ഒട്ടേറെ വോട്ടർമാർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടുവെന്നും ഇതിനു പിന്നിൽ ബിജെപിയാണെന്നും പ്രതിപക്ഷപാർട്ടികൾ ആരോപണം ഉയർത്തിയിരുന്നു.
കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരും കാരണവും പോളിങ് സ്റ്റേഷനുകളിലും പ്രദേശത്തെ സർക്കാർ ഓഫിസുകളിലും പ്രസിദ്ധീകരിക്കണം. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണം. താമസം മാറ്റിയിട്ടില്ലാത്ത വോട്ടർമാർക്ക് ആദ്യഘട്ടത്തിൽ എന്തുകൊണ്ട് ഫോം നൽകിയില്ലെന്നുള്ള സത്യവാങ്മൂലം ഉൾപ്പെടുത്തി എന്യൂമറേഷൻ ഫോം നൽകാം.
സംസ്ഥാനത്തെ തന്നെ മറ്റൊരു സ്ഥലത്തേക്കു താമസം മാറ്റിയവരാണെങ്കിൽ വിലാസം മാറ്റുന്നതിനു വേണ്ടിയുള്ള ഫോം–8 നൽകേണ്ടതില്ല. പകരം എന്യൂമറേഷൻ ഫോമും ഒപ്പം പുതിയ വിലാസം വ്യക്തമാക്കുന്ന രേഖകളും കൈമാറണം. വീടും വിലാസവും ഇല്ലാത്തവരാണെങ്കിൽ ബിഎൽഒ ഇവരുടെ താമസസ്ഥലം സന്ദർശിച്ചു രേഖകൾ പരിശോധിച്ചു തുടർനടപടി സ്വീകരിക്കാം. ഫോം 6 ഇതിനോടകം നൽകിയവരാണെങ്കിൽ എന്യൂമറേഷൻ ഫോം നൽകേണ്ടതില്ലെന്നും കമ്മിഷൻ വിശദീകരിക്കുന്നു.









