Headlines

ഇടിമിന്നലിനും കാറ്റിനും സാധ്യത; തിരുവനന്തപുരത്ത് ശക്തമായ മഴ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു. ഒരു മണിക്കൂറോളം ആയി മഴ പെയ്യുകയാണ്. എന്നാൽ ശനിയാഴ്ച സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും നേരിയതോ മിതമോ ആയ മഴക്കേ സാധ്യതയുള്ളൂവെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിക്കുന്നു.
കന്യാകുമാരി മേഖലയില്‍ നിന്ന് തമിഴ്നാടിനും കേരളത്തിനും കുറുകെ തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക വരെ കിഴക്കന്‍ കാറ്റുമായി ബന്ധപ്പെട്ട് ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.