ഡൽഹി: കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം നാളെ. ഹൈക്കമാൻഡ് വിളിച്ച യോഗം ഡൽഹയിൽ നടക്കും. VD സതീശൻ, രേവന്ത് റെഡ്ഡി, DK ശിവകുമാർ, സുഖ്വീന്ദർ സിംഗ് സുഘു എന്നിവർ പങ്കെടുക്കും. മണ്ഡല പുനർനിർണയ ബിൽ ചർച്ചകൾക്കാണ് മുഖ്യമന്ത്രിമാരെ വിളിപ്പിച്ചത്. വിദേശത്തുള്ള എംപിമാരോട് അടിയന്തരമായി മടങ്ങിവരാൻ ഇന്ത്യാ സഖ്യ നേതൃത്വം നിർദേശം നൽകി.
നാളെ രാവിലെ 10 മണിയോടെ മുഴുവൻ എംപിമാരും ദില്ലിയിലെത്തണമെന്നാണ് നിർദേശം. നിലവിൽ യുഎഇയിലുള്ള കെ. സുധാകരനോടും മടങ്ങിവരാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചികിത്സാർത്ഥമുള്ള യാത്ര റദ്ദാക്കി അദ്ദേഹം തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.
അതേസമയം, ഡിഎംകെ ഭരണകക്ഷിക്ക് മുന്നിൽവച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നിലപാട് പുനഃപരിശോധിക്കണമെന്ന ഇന്ത്യാ സഖ്യത്തിൻ്റെ അഭ്യർത്ഥന ഡിഎംകെ തള്ളിയതായും സൂചനയുണ്ട്. ഇന്ത്യാ സഖ്യ യോഗത്തിലെത്തി ശരദ് പവാർ വിഭാഗം ബില്ലിനെ പിന്തുണയ്ക്കുമെന്നറിയിക്കും.
പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. അതിർത്തി പുനർനിർണയിക്കുന്ന വ്യവസ്ഥകളടങ്ങിയ ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരണ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള ബിൽ എന്നിവയാണ് അവതരിപ്പിക്കുക. 15 വർഷത്തേക്കാണ് വനിതാ സംവരണം കൊണ്ടുവരുന്നത്.
പ്രാതിനിധ്യ അനുപാതം 2051 വരെ നിലനിർത്തുമെന്നതിനാൽ ജനസംഖ്യാനുപാതം കൂടുതലുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ എന്ന രീതിയിലുള്ള മാറ്റം ഒഴിവാകുമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് 50% വർദ്ധന ബാധകമാക്കില്ലെങ്കിലും നാഗാലാൻഡ്, മിസോറം തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിൽ ഇത് ബാധകമാകും. ലോക്സഭയിലെ പരമാവധി അംഗസംഖ്യ 850 ആയി നിജപ്പെടുത്താനാണ് ഈ നീക്കമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്.









