Headlines

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: യുഎസിൽ ചീഫ് ഓഫ് സ്റ്റാഫ് തെറിച്ചു; വിശ്വസ്തനെ നിയമിച്ച് ട്രംപ്

വാഷിങ്ടൻ∙ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ സൂസി വൈൽസിനെ ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് നീക്കി. പകരം ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായിരുന്ന സ്റ്റീഫൻ മില്ലറെ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. ട്രൂത്ത് സോഷ്യലിലൂടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

‘ട്രംപ് ഭരണകൂടത്തിലെ നിലവിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും എന്റെ ഏറ്റവും വിശ്വസ്തനായ ഉപദേശകരിൽ ഒരാളുമായ സ്റ്റീഫൻ മില്ലർ നവംബർ 9 മുതൽ ചീഫ് ഓഫ് സ്റ്റാഫായി പ്രവർത്തിക്കുമെന്ന് സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തിയ സൂസി വൈൽസ് ട്രംപ് പൊളിറ്റിക്കൽ ഓപ്പറേഷന്റെ ഭാഗമാകും. അവരുടെ സേവനങ്ങൾക്ക് നന്ദി പറയുന്നു.’–ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ട്രംപിന്റെ വാക്കുകൾക്ക് സൂസി വൈൽസും നന്ദി അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ട്രംപ് ഭരണകൂടത്തിൽ ഉടച്ചുവാർക്കലുണ്ടാകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് സൂസി വൈൽസിന്റെ മാറ്റം. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും മാറ്റുമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആരാണ് സ്റ്റീഫൻ മില്ലർ?

ട്രംപിനൊപ്പം ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ചിട്ടുള്ളതും ഏറ്റവും വിശ്വസ്തരുമായ ഉപദേശകരിൽ പ്രമുഖൻ. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ക്യാംപെയ്നിൽ ട്രംപിനൊപ്പം ചേർന്നു. പ്രസംഗം എഴുതി തയ്യാറാക്കുക എന്നതായിരുന്നു ചുമതല. നിലവിൽ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്. ട്രംപിന്റെ കുടിയേറ്റ നയങ്ങൾ കൈകാര്യം ചെയ്യുന്നു.