Headlines

യുഎസിലെ ഓരോ കുട്ടിക്കും സ്പേസ്എക്സിന്റെ 2 ഓഹരി വീതം സമ്മാനം; ഇലോൺ മസ്കിന്റെ വാഗ്ദാനം

വാഷിങ്ടൻ ∙ ബഹിരാകാശ–എഐ കമ്പനിയായ സ്പേസ്എക്സിന്റെ 2 ഓഹരി വീതം യുഎസിലെ 18 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും സമ്മാനമായി വാഗ്ദാനം ചെയ്ത് കമ്പനിയുടമ ഇലോൺ മസ്ക്. കമ്പനി ഒരു ഓഹരിയും മസ്ക് സ്വന്തം നിലയിൽ ഒരു ഓഹരിയുമാണു നൽകുക. ബുധനാഴ്ച സ്പേസ്എക്സ് ഓഹരിവില 127.44 ഡോളറാണ് (11,788 രൂപ). ഇതുപ്രകാരം യുഎസിലെ 7.2 കോടി കുട്ടികൾക്കും ലഭിക്കുന്ന സമ്മാനത്തിന്റെ വിപണിമൂല്യം 1800 കോടി ഡോളർ വരും (ഏകദേശം 1,66,500 കോടി രൂപ). കമ്പനിയുടെ ഓഹരി അടുത്തമാസം നൽകും. മസ്ക് നൽകുന്നത് അടുത്തവർഷം ജൂണിനുശേഷമായിരിക്കും.

ട്രംപ് അക്കൗണ്ടിൽ ഉള്ള ഓരോരുത്തർക്കും ക്ലാസ് എ ഓഹരി നൽകുമെന്നു സ്പേസ്എക്സ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. 18 വയസ്സിൽ താഴെയുള്ളവർക്കു ഓഹരിനിക്ഷേപത്തിനായി യുഎസ് സർക്കാർ ആരംഭിച്ച പദ്ധതിയാണു ട്രംപ് അക്കൗണ്ട്. ഇതിൽ 7 കോടി അക്കൗണ്ടുകളുണ്ട്. എന്നാൽ, കുട്ടികൾക്കു വാഗ്ദാനം ചെയ്ത ഓഹരി ട്രംപ് അക്കൗണ്ടിലേക്കാണോ നൽകുകയെന്നു വ്യക്തമാക്കിയില്ല.

എഐ വ്യാപനം ഉയർത്തുന്ന സുരക്ഷാ, സാമൂഹിക ഭീഷണികൾ യുഎസിൽ പൊതുചർച്ചയായി തുടരുന്ന സാഹചര്യത്തിലാണു മസ്കിന്റെ നീക്കം. എഐ കമ്പനിയായ ആന്ത്രോപിക് കഴിഞ്ഞയാഴ്ച ഓഹരിവിൽപന ആരംഭിച്ചിരുന്നു. ഇവരും സാമൂഹികസേവനത്തിന് ഫണ്ടുണ്ടാക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ധനവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന മസ്കിന്റെ ആകെ സമ്പാദ്യം 82,400 കോടി ഡോളറാണ്.