Headlines

പുരുഷന്മാർക്കും ഇനി അവധി! ഭാര്യയെയും കുഞ്ഞിനെയും പരിചരിക്കാൻ 15 ദിവസത്തെ പിതൃത്വ അവധി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ ∙ പുരുഷ സർക്കാർ ജീവനക്കാർക്കു 15 ദിവസത്തെ പിതൃത്വ അവധി അനുവദിച്ചു തമിഴ്നാട് സർക്കാർ. ഭാര്യയ്ക്കു പിന്തുണ നൽകാനും കുട്ടിയുടെ പരിചരണത്തിൽ സഹായിക്കാനുമാണ് അവധി അനുവദിക്കുന്നത്. കുഞ്ഞു ജനിക്കുന്നതിനു തൊട്ടുമുൻപുള്ള 15 ദിവസങ്ങളിലോ, കുഞ്ഞു ജനിച്ചതിനു ശേഷമുള്ള ആറ് മാസത്തിനുള്ളിലോ അവധി എടുക്കാം. സംസ്ഥാനത്തെ വനിതാ സർക്കാർ ജീവനക്കാർക്ക് 365 ദിവസമാണു പ്രസവാവധി നൽകുന്നത്.
കേന്ദ്രസർക്കാർ ജീവനക്കാരായ പുരുഷന്മാർക്കു ഭാര്യയുടെ 2 പ്രസവസമയത്തു പൂർണ ശമ്പളത്തോടെ 15 ദിവസം അവധി നൽകുന്നുണ്ട‌്. കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ പുരുഷ ജീവനക്കാർക്കു 10 ദിവസമാണ് അവധി. ബംഗാൾ, സിക്കിം സംസ്ഥാനങ്ങളിൽ 30 ദിവസമാണു പിതൃത്വ അവധി.