യുഎസിൽ പ്രവചനങ്ങളെ പൊളിച്ചടുക്കി തൊഴിൽ ‘വിപ്ലവം’. ഓഗസ്റ്റിൽ 1.62 ലക്ഷം പേർക്കാണ് യുഎസിൽ പുതുതായി ജോലി കിട്ടിയത്. തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനത്തിൽ മാറ്റമില്ലാതെയും നിന്നു. 53,000 പേർക്കേ പുതുതായി ജോലി കിട്ടൂ എന്ന നിരീക്ഷക പ്രവചനങ്ങൾ അമ്പേ പൊളിഞ്ഞു.
കഴിഞ്ഞ മാർച്ചിന് ശേഷമുള്ള ഏറ്റവും മികച്ച തൊഴിൽക്കണക്കാണ് യുഎസ് പുറത്തുവിട്ടത്. എന്നാൽ, റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രസിഡന്റ് ട്രംപ് തന്റെ പഴയ ഭീഷണി പൊടിതട്ടിയെടുത്തു. ഇക്കുറി സ്വരം കൂടുതൽ കടുപ്പിച്ചു. മാത്രമല്ല, തന്റെ വിശ്വസ്തൻ എന്ന പ്രതിച്ഛായയോടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ച കെവിൻ വാർഷിനോടുള്ള ട്രംപിന്റെ തുറന്ന യുദ്ധ പ്രഖ്യാപനവുമായി അതു മാറി.
ട്രംപ് പറഞ്ഞത് ഇങ്ങനെ: ‘‘ഇതുപോലൊരു കണക്ക് നിങ്ങൾ കണ്ടിട്ടുണ്ടോ! ഡബിളല്ല, ട്രിപ്പിളല്ല, അതിലും വലിയ വളർച്ച. 1,62,000 പേർക്ക് പുതുതായി ജോലി. യുഎസ് ഒരു ശക്തമായ രാജ്യമാണ്. ശക്തമായ രാജ്യത്ത് പലിശ ലോകത്തിലെ ഏറ്റവും കുറവായിരിക്കണം’’.
പലിശ കുറയ്ക്കാനുദ്ദേശിക്കുന്നില്ലെങ്കിൽ എന്തുചെയ്യുമെന്ന ഭീഷണിയും ട്രംപ് തൊടുത്തു: ‘‘പലിശനിരക്ക് കുറയ്ക്കൂ. അല്ലെങ്കിൽ യുഎസിന് വ്യാപാരക്കമ്മിയുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധം തന്നെ ഞാൻ അവസാനിപ്പിക്കും. പ്രസിഡന്റിന് അതിനുള്ള അധികാരമുണ്ടെന്ന് സുപ്രീം കോടതി അവരുടെ ‘അപഹാസ്യ’മായ വിധിയിൽ പറഞ്ഞിട്ടുണ്ട്’’.
കുറഞ്ഞ പലിശനിരക്ക് താരിഫിനേക്കാൾ മെച്ചമാണെന്നും നിങ്ങൾ (യുഎസ് ഫെഡ് ഭാരവാഹികൾ) രാജ്യസ്നേഹികളായി നിന്ന് നല്ല തീരുമാനം എടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുഎസ് ഫെഡിന് ഇപ്പോൾ നല്ലൊരു നേതാവ് (കെവിൻ വാർഷ്) ഉണ്ടെന്നും ട്രംപ് പറഞ്ഞു. പലിശനിരക്ക് കൂടിനിൽക്കുന്നത് യുഎസിന് തിരിച്ചടിയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
അതേസമയം, തൊഴിൽക്കണക്ക് മെച്ചപ്പെട്ടതോടെ പലിശഭാരം കൂടാനുള്ള സാധ്യതയാണ് ഒരുങ്ങിയത്. ഇത് മുളയിലേ നുള്ളാനുദ്ദേശിച്ചാണ് ട്രംപിന്റെ ഭീഷണിയും. യുഎസ് സമ്പദ്‍വ്യവസ്ഥ ശക്തമാണെന്ന് തെളിയിക്കുന്നതാണ് മികച്ച തൊഴിൽക്കണക്ക്. ഈ സാഹചര്യത്തിൽ ഇനി പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാനുള്ള പോരാട്ടം തുടങ്ങാമെന്ന് ഫെഡറൽ റിസർവിന്റെ പണനയ നിർണയ സമിതിയംഗം ബേത്ത് ഹെമ്മക്ക് ഉൾപ്പെടെയുള്ളവർ പറയുന്നു.
പലിശപ്പേടി വീണ്ടും കനത്തതോടെ യുഎസ് ഓഹരി വിപണി നഷ്ടത്തിലേക്ക് വീണു. ഡൗ ജോൺസ് 272 പോയിന്റ് (-0.51%), എസ് ആൻഡ് പി500 സൂചിക 0.38%, നാസ്ഡാക് 0.29% എന്നിങ്ങനെ താഴ്ന്നു. ബോണ്ട് യീൽഡ് കുതിച്ചുകയറി. 2-വർഷ ട്രഷറി യീൽഡ് 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയരത്തിലെത്തി. 10-വർഷ ട്രഷറി യീൽഡ് 0.16% ഉയർന്ന് 4.79 ശതമാനമായി. യുഎസ് ഡോളർ സൂചിക 0.25% മുന്നേറി 99.16ലുമെത്തി. ഇതോടെ രാജ്യാന്തര സ്വർണവില ഔൺസിന് 63 ഡോളർ ഇടിഞ്ഞ് 4430 ഡോളറായി. കേരളത്തിൽ ഇന്നു രാവിലെ വില ഇടിയും.
ഇന്ത്യ, തായ്‍ലൻഡ്, വിയറ്റ്നാം, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‍വാൻ, ഫിലിപ്പീൻസ്, മലേഷ്യ, യൂറോപ്യൻ യൂണിയൻ (പ്രത്യേകിച്ച് ജർമനി, ഇറ്റലി, അയർലൻഡ്), സ്വിറ്റ്സർലൻഡ്, മെക്സിക്കോ, കാനഡ എന്നിവയാണ് യുഎസിന് കനത്ത വ്യാപാരക്കമ്മിയുള്ള രാജ്യങ്ങൾ. ഇവയുമായുള്ള വ്യാപാരബന്ധം നിർത്തുമെന്നോ ഇവയ്ക്കുമേൽ കനത്ത തീരുവഭാരം ചുമത്തുമെന്നോ ആണ് ട്രംപ് ഭീഷണിപ്പെടുത്തുന്നത്.
അതേസമയം, യുഎസിലെ ഫ്ലോറിഡയിൽ ഡിസംബറിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ട്രംപ് നേരിട്ടു ചർച്ച നടത്താനുദ്ദേശിക്കുന്ന ലോക നേതാക്കളിൽ ടോപ് ലിസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുണ്ടെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു. ‘‘35 പേരാണ് യുഎസിലേക്ക് വരുന്നത്. അവരിൽ മോദി ടോപ് ലിസ്റ്റിലുണ്ട്. മോദിയെ ഫ്രണ്ട് ആയാണ് ട്രംപ് കാണുന്നത്. അടുത്തവർഷം ട്രംപ് ഇന്ത്യയിലേക്കും വരും’’ – ഗോർ പറഞ്ഞു.
ഇതിനിടെ, ജപ്പാൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസി (ജെസിആർഎ) ഇന്ത്യയുടെ സോവറീൻ ക്രെഡിറ്റ് റേറ്റിങ് ബിബിഎ പ്ലസിൽ നിന്ന് എ നെഗറ്റീവ് ആയി ഉയർത്തിയത് ഇന്ത്യയ്ക്ക് വൻ നേട്ടമായി. 35 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ വീണ്ടും ‘എ ക്ലാസ്’ ആകുന്നത്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ശക്തവും സുസ്ഥിരവുമാണെന്ന് വ്യക്തമാക്കുന്ന റേറ്റിങ്ങാണിത്.
മികച്ച സാമ്പത്തിക വളർച്ച, ഫലപ്രദമായ സാമ്പത്തിക പരിഷ്കാരങ്ങളും നയങ്ങളും, കരുത്തുറ്റ ബാങ്കിങ് സംവിധാനം, സുശക്തമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യം എന്നിവ ഇന്ത്യയുടെ മികവാണെന്ന് ചൂണ്ടിക്കാട്ടിയാണ് റേറ്റിങ് ഉയർത്തിയത്.
ഇന്ത്യയിലേക്ക് കൂടുതൽ വിദേശ നിക്ഷേപമെത്താനും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ വിദേശ നിക്ഷേപകർക്കുള്ള വിശ്വാസ്യത ഉയർത്താനും റേറ്റിങ് വളർച്ച സഹായിക്കും. ഇന്ത്യയുടെ വിദേശനാണയ ശേഖരം (ഫോറെക്സ് റിസർവ്) ഓഗസ്റ്റ് 28ന് സമാപിച്ച ആഴ്ചയിൽ 11.475 ബില്യൻ ഡോളർ വർധിച്ച് 740.803 ബില്യൻ എന്ന സർവകാല ഉയരത്തിൽ എത്തിയതും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് വ്യക്തമാക്കുന്നു.
2026 ഫെബ്രുവരി 27ലെ 728.494 ബില്യൻ എന്ന റെക്കോർഡ് പഴങ്കഥയായി. ഓഗസ്റ്റ് 21ന് അവസാനിച്ച ആഴ്ചയിലും വിദേശനാണയ ശേഖരം 12.422 ബില്യൻ ഡോളറിന്റെ വർധന കുറിച്ചിരുന്നു. പ്രവാസികൾക്കുള്ള എഫ്സിഎൻആർ (ബി) നിക്ഷേപ അക്കൗണ്ടുകൾക്ക് ‘താൽക്കാലിക’മായി അനുവദിച്ച ഇരട്ടിപ്പലിശ വാഗ്ദാനവും പിന്നാലെ റെക്കോർഡ് തകർത്തെത്തിയ നിക്ഷേപവുമാണ് വിദേശനാണയ ശേഖരം കുതിച്ചുകയറാൻ സഹായിച്ചത്.
ഇന്ത്യയുടെ വിദേശ കറൻസി ആസ്തി (എഫ്സിഎ) 9.337 ബില്യൻ ഉയർന്ന് 600.67 ബില്യൻ ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും എഫ്സിഎയിൽ പൗണ്ട്, യൂറോ, യെൻ തുടങ്ങിയവയുമുണ്ട്. കരുതൽ സ്വർണശേഖരം 2.191 ബില്യൻ വർധിച്ച് 116.409 ബില്യൻ ഡോളറിൽ എത്തിയതും ശ്രദ്ധേയമായി.
അതേസമയം, ശമനമില്ലാത്ത യുഎസ്-ഇറാൻ യുദ്ധം, കുതിക്കുന്ന ക്രൂഡോയിൽ വില, ഉയരുന്ന പലിശപ്പേടി എന്നിവ ഇന്ത്യൻ ഓഹരി വിപണിക്കുമേൽ വെല്ലവിളിയായി നിൽക്കുന്നുണ്ട്. അടുത്തവാരം സൂചികകൾ സമ്മർദത്തിലേക്ക് വീണേക്കാം. ഇന്നലെ നിഫ്റ്റി 24 പോയിന്റ് (+0.10%) നേട്ടവുമായി 23,897ലും സെൻസെക്സ് 362 പോയിന്റ് (+0.48%) ഉയർന്ന് 76,515ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. സെബി അവതരിപ്പിച്ച ക്ലോസിങ് ഓക്ഷൻ സെഷനാണ് (കാസ്) ഓരോ ദിവസവും ഇപ്പോൾ വ്യാപാരാന്ത്യമാകുമ്പോൾ വിപണിയിൽ നഷ്ടത്തിനോ നേട്ടത്തിൽ ഇടിവിനോ ഇടയാക്കുന്നത്. കാസിൽ ലാഭമെടുപ്പ് കനക്കുന്നതാണ് തിരിച്ചടി.









