എറണാകുളം: പെരുമ്പാവൂരിൽ മൂന്ന് വയസുകാരന്റെ മരണത്തിൽ, കൊലപാതക കുറ്റത്തിനു കേസെടുത്ത് പൊലീസ്. രണ്ടാനച്ഛൻ മഹേശ്വറിനെ കേസിൽ പ്രതി ചേർത്തു. രണ്ടാനച്ഛൻ ക്രൂരമായി ഉപദ്രവിച്ചു കൊന്നതാണെന്നും തലയ്ക്കു ഏറ്റ മർദനമാണ് മരണകാരണമെന്നും പൊലീസ്. ‘ചത്താൽ മറവ് ചെയ്തോളാം’ എന്ന് കുഞ്ഞിന്റെ അമ്മയോട് പ്രതി പറഞ്ഞിരുന്നതായി മൊഴി നൽകി. കുട്ടിയെ നിരന്തരം ഉപദ്രവച്ചിരുന്നു എന്ന് അമ്മ പോലീസിന് മൊഴി നൽകിയിരുന്നു.
പെരുമ്പാവൂർ വല്ലത്ത് കോർട്ടേഴ്സിലാണ് കുടുംബം താമസിച്ചിരുന്നത്. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് മഹേശ്വർ. ഇയാൾ ഇന്നലെ മൂന്നു വയസ്സുള്ള കുഞ്ഞ് വിറ്റുപാലുമായി ആശുപത്രിയിലേക്ക് പോകുന്നത് കണ്ടവരുണ്ട്. കുട്ടിക്ക് ആ സമയം ബോധമുണ്ടായിരുന്നില്ല. കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റു എന്നാണ് എല്ലാവരോടും പറഞ്ഞത്. രാത്രി കുട്ടി ഞെട്ടി ഉണർന്ന് കരഞ്ഞപ്പോൾ രണ്ടാനച്ഛൻ അവന്റെ തല ഭിത്തിയിൽ ആഞ്ഞു ഇടിപ്പിച്ചിരുന്നു. അവശനായ കുട്ടിയെ രണ്ട് ദിവസം കഴിഞ്ഞാണ് ആശുപത്രിയിൽ എത്തിക്കുന്നത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ആരംഭിച്ച അന്വേഷണമാണ് കൊലപാതകം എന്ന് കണ്ടെത്തിയത്.ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ രണ്ട് കവിളുകളിലും രക്തം കല്ലിച്ച പാടുകൾ ഉണ്ട്. ശരീരത്തിലും മുറിവേറ്റ പാടുകൾ. കുഞ്ഞിനെ നിരന്തരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയൽവാസിയും പറഞ്ഞു. കുഞ്ഞിന്റെ മാതാവിനെയും ചേച്ചിയെയും പോലീസ് ഇടപെട്ട് ഷെൽട്ടർ ഹോമിലേക്ക് മാറ്റി.








