രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിക്കകത്തുള്ള ഏത് നേതാവിനെതിരായും ഇതുപോലെ ഗുരുതരമായ ആരോപണങ്ങള്‍ വന്നാല്‍ ഗൗരവമായി പരിശോധിക്കുകയും മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്യുമെന്ന് വിഡി സതീശന്‍ പറഞ്ഞു. അതില്‍ ആരായാലും ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനകത്ത് ഒരാള്‍ ആരോപിക്കപ്പെടുന്ന തരത്തിലുള്ള ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. കര്‍ശനമായി പാര്‍ട്ടി കൈകാര്യം ചെയ്യും. ഞാന്‍ തന്നെ അക്കാര്യത്തില്‍ മുന്‍കൈയെടുക്കും – അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയെ വിവാദ കേന്ദ്രമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് എന്റെ മകളെ പോലൊരു കുട്ടിയാണ്. തെറ്റായിട്ടുള്ള ഒരു മെസേജ് ഒരാള്‍ അയച്ചുവെന്ന് മകളെ പോലെ കാണുന്ന ഒരു കുട്ടി വന്ന് പറഞ്ഞാല്‍ ഒരു പിതാവ് എന്ത് ചെയ്യും. അത് ഞാന്‍ ചെയ്തിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.
വിഷയം ഇപ്പോഴാണ് തങ്ങളുടെ ശ്രദ്ധയില്‍പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ മുന്നില്‍ ഒരു പരാതിയും വന്നിട്ടില്ല. എന്നെയും സമീപിച്ചിട്ടില്ല. ഇപ്പോഴാണ് ഇത്തരമൊരു ആരോപണം ശ്രദ്ധയില്‍ പെട്ടത്. ഗൗരവമുള്ള പരാതി മുന്നിലെത്തുമ്പോള്‍ ഗൗരവത്തോടെ പരിശോധിക്കും. പാര്‍ട്ടി പരിശോധിച്ചു നടപടി എടുക്കും – അദ്ദേഹം പറഞ്ഞു.
എഐസിസിക്ക് പരാതി കിട്ടിയത് അറിയില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ഒരു വിമര്‍ശനവുമില്ല. എന്റെ മുന്നില്‍ വന്ന പരാതി അതിന്റെ ഗൗരവമനുസരിച്ച് ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മറ്റാരെങ്കിലും പരാതി തന്നിട്ടുണ്ടോ എന്നാണ് നിങ്ങള്‍ ചോദിച്ചത്. എനിക്ക് ആരും പരാതി തന്നിട്ടില്ല. എന്റെ നിയോജക മണ്ഡലത്തിലെ കുട്ടിയുടെ കാര്യമാണ് ഇവിടെ പറഞ്ഞത്. ഇതൊരു മെസേജ് അയച്ച വിഷയമാണ്. കോണ്‍ഗ്രസിലെ എല്ലാ ചെറുപ്പക്കാരെയും ഞാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. പിന്തുണയും നല്‍കാറുണ്ട്. അവരെല്ലാം നല്ല മിടുമിടുക്കന്‍മാരാണ്. അവര്‍ ഏതെങ്കിലും തരത്തില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നമ്മുടെ ശ്രദ്ധയില്‍ വരുമ്പോള്‍ തെറ്റിന്റെ ഗൗരവം പരിശോധിച്ച് നടപടിയെടുക്കും – അദ്ദേഹം പറഞ്ഞു.