തിരുവനന്തപുരം ∙ ഭരണം നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നായ ശബരിമല സ്വർണക്കൊള്ള എൽഡിഎഫിനെയും സിപിഎമ്മിനെയും വിടാതെ പിന്തുടരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പിണറായി സർക്കാർ നിയമിച്ച പ്രസിഡന്റുമാരിൽ മൂന്നാമത്തെയാളാണ് സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ പി.എസ്.പ്രശാന്ത്. അംഗമായിരുന്ന എ.അജികുമാർ അറസ്റ്റിലായത് അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഐയെയും വെട്ടിലാക്കി. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡുകൾക്കു പങ്കില്ലെന്ന് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ വാദിച്ചിരുന്നു. എന്നാൽ, പിണറായി സർക്കാർ നിയമിച്ച 3 മുൻ ബോർഡ് പ്രസിഡന്റുമാരും 3 അംഗങ്ങളും അറസ്റ്റിലായതോടെ പൊളിഞ്ഞത് ആ വാദം കൂടിയാണ്.വിഷയത്തിൽ കരുതലോടെയാണ് സിപിഎം പ്രതികരണം. അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് പ്രശാന്ത് ആരോപിച്ചെങ്കിലും അതിനെ പരസ്യമായി പിന്തുണയ്ക്കാൻ സിപിഎം നേതാക്കൾ തയാറായില്ല. രാഷ്ട്രീയപ്രേരിതമെന്നു താൻ പറയില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ പ്രതികരിച്ചപ്പോൾ, പ്രശാന്തിന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാകും വിശദീകരണമെന്നു പറഞ്ഞൊഴിഞ്ഞു മുൻ ദേവസ്വം മന്ത്രി വി.എൻ.വാസവൻ. സംസ്ഥാന നേതൃത്വം പ്രതികരിക്കട്ടെയെന്ന നിലപാടുമായി ജനറൽ സെക്രട്ടറി എം.എ.ബേബിയും ഒഴിഞ്ഞുമാറി. പ്രശാന്തിനു രാഷ്ട്രീയസംരക്ഷണം ഒരുക്കില്ലെന്ന സന്ദേശമാണു നേതൃത്വം നൽകുന്നത്.കേസിൽ അറസ്റ്റിലായ മുൻ ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ.പത്മകുമാറിനെ കടുത്ത നടപടിയില്ലാതെ ആദ്യഘട്ടത്തിൽ സംരക്ഷിച്ചതു വലിയ തിരിച്ചടിയായെന്ന വിമർശനം പാർട്ടി നേതൃത്വം നേരിടുന്നുണ്ട്. വീണ്ടും അത്തരമൊരു പഴി കേൾപ്പിക്കരുതെന്ന കരുതലിലാണ് നേതൃത്വം ഇപ്പോൾ.
സ്വർണക്കൊള്ള നടന്ന കാലത്തെ ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറസ്റ്റിലാകുമ്പോൾ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ജില്ലയിൽ പിണറായിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവിനെ, നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം വിമർശനം കടുത്തതോടെയാണു സസ്പെൻഡ് ചെയ്യാൻ തയാറായത്. പിണറായിയുടെതന്നെ മറ്റൊരു വിശ്വസ്തനായിരുന്നു അറസ്റ്റിലായ മറ്റൊരു മുൻ ബോർഡ് പ്രസിഡന്റ് എൻ.വാസുവും. എന്നാൽ, അറസ്റ്റിലാകുമ്പോൾ അദ്ദേഹത്തിനു പാർട്ടിയിൽ സ്ഥാനമൊന്നും ഉണ്ടായിരുന്നില്ല.കോൺഗ്രസ് വിട്ടുവന്ന പ്രശാന്ത് സിപിഎം പോഷകസംഘടനയായ കർഷകസംഘത്തിന്റെ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സിപിഎം അംഗത്വമുണ്ടെങ്കിലും മേൽഘടകങ്ങളിൽ അംഗമാക്കിയിട്ടില്ല.







