തിരുവനന്തപുരം∙ 2019നു പുറമേ 2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നുവെന്ന് വ്യക്തമാക്കി എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. 2019ല്‍ ദ്വാരപാലകശില്‍പങ്ങളില്‍നിന്നും കട്ടിളപ്പടിയില്‍നിന്നുമാണ് സ്വര്‍ണം അപഹരിക്കപ്പെട്ടതെന്നാണ് എസ്‌ഐടി കണ്ടെത്തിയതെങ്കില്‍ 2025ല്‍ ദ്വാരപാലകശില്‍പത്തിന്റെ താങ്ങുപീഠ പാളികളില്‍നിന്ന് സ്വര്‍ണം അപഹരിക്കപ്പെട്ടുവെന്നാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.17-ാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗമായ 18-ാം പ്രതി എ.അജികുമാര്‍ എന്നിവര്‍ മറ്റു പ്രതികള്‍ ചെയ്ത കുറ്റകൃത്യം മറച്ചു വയ്ക്കുന്നതിനു സഹായകരമായി ബോര്‍ഡ് ഉത്തരവ് ഇറക്കി. അതുമൂലം ദ്വാരപാലക താങ്ങുപീഠപാളികളില്‍നിന്നും വീണ്ടും സ്വര്‍ണം അപഹരിച്ചെടുക്കുന്നതിന് ഒത്താശ ചെയ്യുക വഴി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും 12–ാം പ്രതി പങ്കജ് ഭണ്ഡാരിക്കും അനര്‍ഹമായ ലാഭം ഉണ്ടാക്കി നല്‍കി എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.ശബരിമല ക്ഷേത്രമുതലുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനുമുന്‍പ് ഹൈക്കോടതിയുടെ അനുമതി തേടിയില്ലെന്നും മറ്റു പ്രതികള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കുന്നതിനാണ് അറ്റകുറ്റപ്പണി ചെയ്യിക്കാന്‍ പി.എസ്.പ്രശാന്തും എ.അജികുമാറും ഉള്‍പ്പെടുന്ന ബോര്‍ഡ് തീരുമാനമെടുത്തതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുക്കുന്നതിനു മുന്‍പ് നിയമാനുസരണം ചെയ്യേണ്ട കരാര്‍ വച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തി. വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്തതിലൂടെ പൊതു പ്രവര്‍ത്തകരായ പ്രശാന്ത്, അജികുമാര്‍ എന്നിവര്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തി. പാളികള്‍ സ്മാര്‍ട് ക്രിയേഷന്‍സില്‍ വച്ച ശേഷം ബെല്ലാരിയില്‍നിന്ന് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ പേരില്‍ വാങ്ങിയ മുദ്രപ്പത്രത്തില്‍ 2025 സെപ്റ്റംബര്‍ 8 എന്ന തീയതി വച്ചുണ്ടാക്കിയ കരാര്‍ വ്യാജമാണ്.തിരുവാഭരണം കമ്മിഷണര്‍ റജിലാലും ചേര്‍ന്നാണ് വ്യാജ രേഖ ചമച്ചത്. ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും അംഗങ്ങളായിരുന്ന എ.അജികുമാര്‍, ജി.സുന്ദരേശന്‍ എന്നിവര്‍ കൃത്യനിര്‍വഹണത്തില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയെന്നും എസ്‌ഐടി വ്യക്തമാക്കുന്നു.






