Headlines

‘BJP രാഷ്ട്രീയ ലക്ഷ്യത്തോടെ EDയെ ഉപയോഗിക്കുന്നു; കൊടകര കുഴൽപ്പണ കേസ് അന്വേഷണം നടത്തിയില്ല’; വിമർശിച്ച് എംവി ഗോവിന്ദൻ

കോഴിക്കോട്: ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ എൻ‌ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാധ്യമങ്ങളെയും എംവി ഗോവിന്ദൻ വിമർശിച്ചു. മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. തങ്ങളെ ഭീഷണിപ്പെടുത്തി കൂടെ നിർത്താം എന്ന ധാരണ ഇഡിക്കും, മാധ്യമങ്ങൾക്കും വേണ്ട. മാധ്യമങ്ങളുടെ തണലിൽ അല്ല കമ്മ്യൂണിസ്റ്റുകാർ വളർന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട് നടക്കുന്ന സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.

വീണയുടെ എക്സാലോജികുമായി ബന്ധപ്പെട്ട കേസ് നിയമപരമായി കൈകാര്യം ചെയ്യട്ടെ എന്നാണ് നിലപാടെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. എന്നാൽ ഇഡിയുടെ ലക്ഷ്യം കേസ് ആയിരുന്നില്ല വീണയും പിണറായി വിജയനും ആയിരുന്നു. അത് അനുവദിക്കില്ലെന്നും ഏത് രീതിയിലും നേരിടുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇഡി തെളിവുകൾ കോടതിയ്ക്ക് ആണ് നൽകേണ്ടത്. എന്നാൽ ഇഡിയ്‌ക്ക് ഒന്നും കണ്ടെത്താനായിട്ടില്ല. കോഴിക്കോട് 9 ഇടങ്ങളിൽ റെയ്ഡ് നടത്തി. എന്താണ് കണ്ടെത്തിയതെന്നും സംശയം ഉണ്ടാക്കുന്ന രീതിയിൽ വാർത്ത കുറിപ്പ് ഇറക്കിയെന്നും അദേഹം കുറ്റപ്പെടുത്തി. കള്ള പ്രചാരണത്തിന് വേണ്ടി മാത്രം ഹവാല ഇടപാട് ആരോപിക്കുന്നു. മുഹമ്മദ്‌ റിയാസിനെയും ആക്രമിക്കുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.