കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മരിച്ചവരുടെ കുടുംബത്തിൻ്റെ ദുഃഖം എല്ലാവരെയും വേദനിപ്പിക്കുന്നത്. അവർക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ അടിയന്തരമായി നൽകണമെന്ന് എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. മന്ത്രിമാരായ വിണാ ജോർജിനും വിഎൻ വാസവനും എതിരെ കെട്ടിച്ചമച്ച പ്രചാരവേല നടക്കുന്നതായി എംവി ഗോവിന്ദൻ പറഞ്ഞു.
564 കോടിയുടെ ബൃഹത്തായ കെട്ടിടം ഒരുങ്ങി കഴിഞ്ഞു. പുതിയ കെട്ടിടത്തിലേക്ക് പ്രവേശിക്കാനിരിക്കെയാണ് അപകടം നടന്നത്. ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവ് വരെ ജനങ്ങളിൽ കാലുഷ്യം സൃഷ്ടിക്കുന്ന പ്രചാരവേല നടത്തുന്നു. ദുരന്തത്തെ വക്രീകരിച്ച് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു. രണ്ടുപേർക്കു മാത്രമേ പരിക്കുള്ളു എന്ന് മന്ത്രിമാർ പറഞ്ഞത് ആദ്യം ലഭിച്ച വിവരമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
നാല് വർഷമായി ആവശ്യപ്പെടുന്നതാണ് രാജി. ആരും രാജി വെക്കാൻ പോകുന്നില്ലെന്ന് അദേഹം വ്യക്തമാക്കി. അപ്പോൾ കിട്ടിയ വിവരമാണ് മൈക്ക് നീട്ടിയപ്പോൾ മന്ത്രി വീണ പറഞ്ഞതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങൾ വസ്തുതകൾ വസ്തുതകളായി പറയാൻ തയാറാകണമെന്ന് എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.
ആരോഗ്യ മേഖലയ്ക്ക് നേരെ പ്രചരണ കൊടുങ്കാറ്റ് അഴിച്ചുവിടുന്നതിന് പിന്നിൽ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളുമാണെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു. പൊതുആരോഗ്യ മേഖലയെ ദുർബലമാക്കാൻ ശ്രമിക്കുന്നു. സ്വകാര്യ കച്ചവടക്കാർക്ക് സഹായകരമായ സമീപനം ഉണ്ടാകുന്നു. ആശുപത്രികളെ സ്വകാര്യവത്കരിക്കാൻ യുഡിഎഫ് ശ്രമിച്ചിരുന്നു. ഈ നീക്കം അപകടകരം. പിന്നിലെ ദുഷ്ടലാക്ക് തിരിച്ചറിയാൻ മാധ്യമങ്ങൾ തയാറാകണമെന്ന് അദേഹം പറഞ്ഞു.