കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍. ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി താത്കാലിക ധനസഹായമായി 50000 രൂപയും കൈമാറി. ആശുപത്രി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.
ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കും. പതിനൊന്നിന് ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കും തീരുമാനം. കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടെന്നും കുടുംബത്തിന് ചെയ്തുകൊടുക്കേണ്ടതൊക്കെ ചെയ്യുമെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.
സംഭവമുണ്ടായപ്പോള്‍ തൊട്ട് ഞാനും വീണ മിനിസ്റ്ററും സൂപ്രണ്ടുമെല്ലാം അവിടെയുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകുന്നത് വരെ അവിടെയുണ്ടായിരുന്നു. ചിലര്‍ ചെയ്യുന്നത് പോലെ ഷോ കാണിക്കേണ്ട സ്ഥലമല്ല. ഇന്നലെ അവിടെ ചെയ്യേണ്ട കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തിട്ടുണ്ട് – അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.