Headlines

JCB കൊണ്ടുവന്ന് പരിശോധിക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്, തിരച്ചില്‍ നിര്‍ത്താന്‍ പറഞ്ഞിട്ടേയില്ല: മന്ത്രി വി എന്‍ വാസവന്‍

കോട്ടയം മെഡിക്കല്‍ കോളജ് അപകടം നടന്നതിന് പിന്നാലെ താനും ആരോഗ്യമന്ത്രിയും നടത്തിയ പ്രതികരണങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് മന്ത്രി വി എന്‍ വാസവന്‍. തിരച്ചില്‍ നിര്‍ത്തിവയ്ക്കണമെന്നോ അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ആളില്ലെന്നോ ആരും പറഞ്ഞിട്ടില്ല. ജെസിബി കൊണ്ടുവന്ന് തിരച്ചില്‍ നടത്തണമെന്ന് തന്നെയാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഹിറ്റാച്ചി കയറി വരാന്‍ സ്ഥലമുണ്ടായിരുന്നില്ല. കെട്ടിടം ഇടിഞ്ഞുവീഴുമെന്ന് ആരോഗ്യമന്ത്രി അറിഞ്ഞിരുന്നില്ലല്ലോ എന്നും അതിന്റെ ധാര്‍മിക ഉത്തരവാദിത്തം മന്ത്രി വീണാ ജോര്‍ജ് ഏറ്റെടുക്കണമെന്ന് പിന്നെ എങ്ങനെ പറയാന്‍ സാധിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ ചോദിച്ചു.

പുരയ്ക്ക് തീകത്തുമ്പോള്‍ വാഴ വെട്ടുന്ന സമീപനം ചിലരെങ്കിലും സ്വീകരിച്ചുവെന്നും പാവങ്ങള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന കോട്ടയം മെഡിക്കല്‍ കോളജിനെ ആകെ തകര്‍ക്കുന്ന തരം പ്രചാരണങ്ങള്‍ ഗുണം ചെയ്യില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ഇന്ത്യയില്‍ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മെഡിക്കല്‍ കോളജാണ്. ഇന്നലെ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം നടന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകാതെ നോക്കും. പുതിയ എട്ട് നില കെട്ടിടത്തിലേക്ക് ആളുകളെ മാറ്റിത്തുടങ്ങിയെന്നും ഉദ്ഘാടനത്തിനായി കാത്തിരിക്കേണ്ടെന്നായിരുന്നു മന്ത്രിമാരുടെ തീരുമാനമെന്നും മന്ത്രി വാസവന്‍ കൂട്ടിച്ചേര്‍ത്തു.

ബിന്ദുവിന്റെ വീട്ടുകാരോട് തങ്ങളുടെ സഹപ്രവര്‍ത്തകര്‍ കൃത്യമായി ആശയവിനിമയം നടത്തിയതായി മന്ത്രി വാസവന്‍ പറഞ്ഞു. പ്രക്ഷോഭകര്‍ ബഹളം കൂട്ടുന്ന ഘട്ടമായതിനാല്‍ നേരിട്ട് അവരെ കാണാന്‍ സാധിച്ചില്ല. ബിന്ദുവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്താനായി 50000 രൂപ കുടുംബത്തിന് കൈമാറി. ധനസഹായം നല്‍കുമെന്നും തുക എത്രയെന്ന് ക്യാബിനറ്റ് ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ക്യാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.