Headlines

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: സിപി രാധാകൃഷ്ണന്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയുടെ പ്രമുഖ നേതാക്കള്‍ എല്ലാവരും പങ്കെടുക്കും. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സിപി രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്.

ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണനെ ഏകകണ്ഠമായി തിരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തോട് ആഹ്വാനം ചെയ്തിരുന്നു. സിപി രാധാകൃഷ്ണന് ഇന്ത്യസഖ്യത്തിന്റെ പിന്തുണ തേടി നേതാക്കളെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫോണ്‍ ചെയ്തിരുന്നു. സി പി രാധാകൃഷ്ണനെ പിന്തുണയ്ക്കില്ല എന്നാണ് ഡിഎംകെയുടെ നിലപാട്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി ഡിഎംകെ പിന്തുണ തേടി പ്രതിരോധ മന്ത്രി രാജ്നാഥ്‌സിംഗ് ഫോണില്‍ സംസാരിച്ചിരുന്നു.

അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇന്ത്യ സഖ്യത്തിന്റെ യോഗം ഇന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേരും. ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡി കഴിഞ്ഞദിവസം വൈകീട്ട് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി വ്യാഴാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അറിയിച്ചു.