Headlines

ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയം: ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ആരംഭിച്ചു

ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാനായുള്ള ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ബിജെപി ആസ്ഥാനത്ത് വച്ചാണ് യോഗം ചേരുന്നത്. യോഗത്തില്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിര്‍ണയിക്കും. ആര്‍എസ്എസ് അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ തുടങ്ങിയവരുമായി സ്ഥാനാര്‍ഥി നിര്‍ണയം പ്രധാനമന്ത്രി ചര്‍ച്ച ചെയ്‌തേക്കും.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വ്യാഴാഴ്ചവരെ പത്രിക സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിങിനെ മോദി സര്‍ക്കാര്‍ ചുമതലപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷം മത്സരിക്കാനാണ് സാധ്യത. ജഗ്ദീപ് ധന്‍കര്‍ ജൂലൈ 21ന് അപ്രതീക്ഷിതമായി രാജി വെച്ചതോടെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഉറച്ച സംഘപരിവാര്‍ പശ്ചാത്തലമുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം.