ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരടക്കം എന്‍ഡിഎയുടെ 160ഓളം പാര്‍ലമെന്റ് അംഗങ്ങള്‍ പ്രകടനമായി എത്തിയാണ് വരണാധികാരി രാജ്യസഭാ സെക്രട്ടറി ജനറല്‍ പിസി മോദിക്ക് മുന്നില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.

20 പ്രൊപ്പോസര്‍മാരുടെയും 20 സെക്കന്‍ഡര്‍മാരുടെയും ഒപ്പുകളുള്ള, നാല് സെറ്റ് നാമനിര്‍ദ്ദേശ പത്രികകള്‍ ആണ് സമര്‍പ്പിച്ചത്. ആദ്യ സെറ്റ് നാമനിര്‍ദ്ദേശ പത്രികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യനിര്‍ദ്ദേശകനായി ഒപ്പ് വച്ചിരിക്കുന്നത്.

ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി നാളെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്ത്യ സഖ്യം യോഗം ചേര്‍ന്നു. സഖ്യത്തിന് പുറത്തുള്ള വോട്ടുകള്‍ കൂടി ലക്ഷ്യം വെച്ചാണ്, ആന്ധ്രയില്‍ നിന്നുള്ള ബി സുദര്‍ശന്‍ റെഡിയെ ഇന്ത്യ സഖ്യം സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍, എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. ബിആര്‍എസ് ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.