മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഉഭയസമ്മത പ്രകാരമുള്ള ബന്ധമെന്നാണ് ഹര്‍ജിയില്‍ രാഹുലിന്റെ വാദം. സെഷന്‍സ് കോടതി നാളെ ജാമ്യ ഹര്‍ജി പരിഗണിക്കും. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമെന്ന് രാഹുല്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. (Rahul Mamkootathil files bail application in Pathanamthitta District Sessions Court).രാഹുല്‍ പുറത്തിറങ്ങിയാല്‍ അതിജീവിതയുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും സമാനമായ മുന്‍കാല അനുഭവങ്ങള്‍ ഉണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.രാഹുലിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങളെ പൂര്‍ണമായി ഉള്‍ക്കൊണ്ടായിരുന്നു തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും സമാനമായ മുന്‍കാല അനുഭവങ്ങള്‍ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ നില്‍ക്കെ ജാമ്യം നല്‍കിയാല്‍ തുടര്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന് തിരുവല്ല മജിസ്റ്റേറ്റ് കോടതി വിലയിരുത്തി. ജാമ്യം ലഭിച്ചാല്‍ ഇരയുടെ ജീവന്‍ അപകടത്തില്‍ ആകുമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ സാധ്യതയുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു. അന്വേഷണതോട് രാഹുല്‍ ഇതുവരെ സഹകരിച്ചിട്ടില്ല. പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഉന്നയിച്ച പല കാര്യങ്ങളും ഉത്തരവില്‍ പരാമര്‍ശിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. അറസ്റ്റ് നിയമവിരുദ്ധമല്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. അതിജീവിതയുടെ വ്യക്തി വിവരങ്ങള്‍ രാഹുലിന്റെ സുഹൃത്തുക്കള്‍ പരസ്യമാക്കി. മാധ്യമ വിചാരണയ്ക്ക് വിധേയമാക്കി കേസ് പിന്‍വലിപ്പിക്കാനുള്ള ഉദ്ദേശമാണ് ഇതിന് പിന്നില്‍ എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. പുറത്ത് ഇറങ്ങിയാല്‍ അന്വേഷണവുമായി രാഹുല്‍ സഹകരിക്കുമെന്ന പ്രതിഭാഗത്തിന്റെ വാദം മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് തള്ളി. തിങ്കളാഴ്ച രാഹുലിന്റെ അഭിഭാഷകര്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയെ ജാമ്യത്തിനുവേണ്ടി സമീപിക്കും. 14 ദിവസം റിമാന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണ്.
മൂന്നാം ബലാത്സംഗ കേസ്; പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍








