ആഗോള അയ്യപ്പ സംഗമ ദിവസത്തെ വെര്‍ച്വല്‍ ക്യൂ സ്ലോട്ട് ബ്ലോക്ക് ചെയ്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; പ്രവേശനം പതിനായിരത്തില്‍ താഴെ ഭക്തര്‍ക്ക് മാത്രം

ആഗോള അയ്യപ്പ സംഗമം നടക്കുന്ന ദിവസം ശബരിമലയില്‍ ഭക്തര്‍ക്ക് കടുത്ത നിയന്ത്രണം. അയ്യപ്പ സംഗമ ദിവസത്തിലെ വെര്‍ച്വല്‍ ക്യൂ സ്ലോട്ട് ബ്ലോക്ക് ചെയ്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 19, 20 തീയതികളിലെ ബുക്കിങ് ആണ് ബ്ലോക്ക് ചെയ്തത്. ഈ രണ്ടു ദിവസങ്ങളില്‍ പ്രവേശനം അനുവദിച്ചത് പതിനായിരത്തില്‍ താഴെ ഭക്തര്‍ക്ക് മാത്രം. അയ്യപ്പ സംഗമ ദിനത്തില്‍ സാധാരണ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന ഹൈക്കോടതി നിര്‍ദേശം മറികടന്നാണ് ദേവസ്വം ബോര്‍ഡ് നീക്കം.

മാസ പൂജയ്ക്കായി 16 മുതല്‍ 21 വരെയാണ് ശബരിമല നട തുറക്കുന്നത്. ഈ ദിവസങ്ങളില്‍ സാധാരണ അമ്പതിനായിരം വരെയാണ് വെര്‍ച്ചല്‍ ക്യൂ സ്ലോട്ടുകള്‍ അനുവദിക്കുക. എന്നാല്‍ അയ്യപ്പ സംഗമത്തിന്റെ പേരില്‍ 19 – 20 തീയതികളിലെ ബുക്കിംഗ് ദേവസ്വം ബോര്‍ഡ് ബ്ലോക്ക് ചെയ്തു. ഈ രണ്ടു ദിവസങ്ങളിലും പതിനായിരത്തോളം ഭക്തര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. അയ്യപ്പ സംഗമത്തിന് എത്തുന്ന വിഐപി പ്രതിനിധികള്‍ക്കു ഉള്‍പ്പെടെ ദര്‍ശനം അനുവദിക്കാനാണ് ഈ നീക്കം.

അയ്യപ്പ സംഗമത്തിന്റെ പേരില്‍ സാധാരണ ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത് മറികടന്നാണ് ഭക്തര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതിനിടെ അയ്യപ്പ സംഗമത്തിന് ഒരാഴ്ച ബാക്കിനില്‍ക്കെ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി . രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി വിലക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി
ഈ മാസം 20ാം തിയതിയാണ് ആഗോള അയ്യപ്പ സംഗമം ശബരിമലയില്‍ നടക്കാനിരിക്കുന്നത്. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സാധാരണ ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ലെന്നാണ് ദേവസ്വം ബോര്‍ഡ് ആവര്‍ത്തിച്ചു വ്യക്തമാക്കിയത്.