കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി വിജില്‍ കൊലക്കേസ് രണ്ടാം പ്രതി രഞ്ജിത്തിനെ കേരളത്തില്‍ എത്തിച്ചു. പൊലിസ് സംഘം പ്രതിയുമായി പാലക്കാട് റെയില്‍വേ സ്റ്റേഷനിലെത്തി. തെലുങ്കാനയില്‍ നിന്നാണ് പ്രതി പിടിയിലായത്.
കേസിലെ ഒന്നും മൂന്നും പ്രതികളും വിജിലിന്റെ സുഹൃത്തുക്കളുമായ നിഖില്‍, ദീപേഷ് എന്നിവര്‍ പിടിയിലായപ്പോള്‍ ബാംഗ്ലൂരിലേക്ക് രക്ഷപ്പെട്ടതായിരുന്നു രഞ്ജിത്ത്. അവിടെ നിന്ന് തെലങ്കാനയിലേക്കും കടന്നു. എലത്തൂര്‍ പൊലീസ് തെലുങ്കാനയില്‍ എത്തിയാണ് രഞ്ജിത്തിനെ പിടികൂടിയത്. റെയില്‍ മാര്‍ഗമാണ് രഞ്ജിത്തിനെ കേരളത്തിലേക്ക് എത്തിച്ചത്. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശിയാണ് രഞ്ജിത്ത്.
നേരത്തേ പിടിയിലായ പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞദിവസം വിജിലിന്റേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. വിജിലിന്റെ ഡിഎന്‍എ സാംപിളുകള്‍ ചൊവ്വാഴ്ച മെഡിക്കല്‍ കോളജ് ഫോറന്‍സിക്ക് വിഭാഗം പൊലീസിന് കൈമാറും. തുടര്‍ന്ന് കോടതി അനുമതിയോടെ ഡിഎന്‍എ സാംപിളുകള്‍ കണ്ണൂര്‍ ഫോറന്‍സിക്ക് ലാബില്‍ പരിശോധനയ്ക്ക് അയക്കും. വിജിലിന്റെ ബന്ധുക്കളുടെ രക്തസാംപിളും പൊലീസ് പരിശോധനക്ക് അയക്കും. തുടര്‍ന്ന് ആയിരിക്കും സ്ഥിരീകരണം ഉണ്ടാവുക. സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ വിജിലിന്റേത് എന്ന് കരുതുന്ന അസ്ഥികളും, ഷൂവും പോലീസ് കണ്ടെത്തിയിരുന്നു.