കോഴിക്കോട് വിജിൽ കൊലക്കേസിൽ നിർണായക വഴിത്തിരിവ്. സരോവരം പാർക്കിന് അടുത്തുള്ള സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വിജിലിന്റേതെന്ന് കരുതുന്ന അസ്ഥിഭാഗങ്ങൾ കണ്ടെത്തിയത്. മൃതശരീരം കെട്ടി താഴ്ത്തിയ കല്ലും കണ്ടെത്തി. തലയോട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
പ്രതികളായ നിഖിലിൻ്റെയും ദീപേഷിൻ്റെയും സാന്നിധ്യത്തിൽ ആയിരുന്നു ഈ പരിശോധന. മൃതദേഹ അവശിഷ്ടങ്ങൾ ഇനി ഡിഎൻഎ ഉൾപ്പടെയുള്ള ശാസ്ത്രീയ പരിശോധനകൾക്കായി അയക്കും. ഏഴു ദിവസം നീണ്ട ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപ് വിജിലിൻ്റേത് എന്ന് കരുതുന്ന ഷൂ കണ്ടെത്തിയിരുന്നു, ഇത് പ്രതികൾ തിരിച്ചറിയുകയും ചെയ്തിരുന്നു.
ഇന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിരിക്കെയാണ് നിർണായകമായ തെളിവുകൾ ലഭിച്ചത്. ഈ കേസിൻ രണ്ടാം പ്രതി രഞ്ജിത്ത് കൂടി പിടിയിലാകാനുണ്ട്. 2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്. 6 വർഷത്തിന് ശേഷം കഴിഞ്ഞ മാസം 25 നാണ് പ്രതികൾ പിടിയിലായത്. അമിത അളവിൽ മയക്കുമരുന്നു കുത്തിവച്ച് ബോധം പോയ വിജിലിനെ പ്രതികൾ സരോവരത്തെ ചതുപ്പിൽ കെട്ടി താഴ്ത്തി എന്നായിരുന്നു മൊഴി.
അതേസമയം, വിജിലിന്റെ സുഹൃത്തുക്കൾ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് വിജിലിൻ്റെ പിതാവ് ട്വന്റി ഫോറിനോട് പ്രതികരിച്ചു. അവർ അവനെ കൊന്നിട്ട് കുറെ കാലം ഞങ്ങളുടെ കൂടെ നടന്നു.
നിലവിൽ പിടിയിലായവർ മകനെ കൊല്ലും എന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. ഒരാൾ കൂടി ഇതിന് പിന്നിൽ ഉണ്ട്. പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കും എന്നാണ് പ്രതീക്ഷയെന്നും വിജിലിന്റെ പിതാവ് പറഞ്ഞു.