5 ലക്ഷത്തോളം വീടുകൾ ലൈഫ് മിഷൻ വഴി ലഭ്യമാക്കി, ലോകം ഉറ്റുനോക്കുന്ന പല പദ്ധതികളും കേരളത്തിൽ യാഥാർത്ഥ്യമാക്കി; മുഖ്യമന്ത്രി

സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം ഉറ്റുനോക്കുന്ന പല പദ്ധതികളും കേരളം യാഥാര്‍ത്ഥ്യമാക്കി. മൈക്രൊ ലെവല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവും ഏറ്റെടുത്തുവെന്നും 5 ലക്ഷത്തോളം വീടുകള്‍ ലൈഫ് മിഷന്‍ വഴി ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഇത്തരം ഇടപെടലുകളിലൂടെ സര്‍ക്കാര്‍ നഗരവല്‍ക്കരണത്തെ അഭിസംബോധന ചെയ്തു മുന്നോട്ട് പോവുകയാണ്. പുതിയ സാമ്പത്തിക കാഴ്ചപ്പാടും തൊഴില്‍ ക്ഷേമവുമെല്ലാം അര്‍ബന്‍ കോണ്‍ക്ലേവില്‍ ചര്‍ച്ചയാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ തൊഴില്‍ സംസ്‌ക്കാരങ്ങള്‍ക്ക് ചേരുന്ന വിധത്തില്‍ നഗര വികസനം യാഥാര്‍ത്ഥ്യമാക്കണം. മഹാമാരികള്‍ ജനങ്ങളെ ബാധിക്കാത്ത തരത്തിലുള്ള സംവിധാനങ്ങള്‍ ഉണ്ടാകണം. നഗരം ഭിന്നശേഷി സൗഹൃദമാക്കുന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകളും ഉയര്‍ന്നു വരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നഗരവല്‍ക്കരണത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്ന വെല്ലുവിളികളെ ഏറ്റെടുത്തും സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. കേരള അര്‍ബന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.