കോഴിക്കോട് ലഹരി ഉപയോഗത്തിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട കേസ്; വിജിലിന്റെ ഒരു അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികളുടെ മൊഴി

കോഴിക്കോട് അമിത അളവിൽ ലഹരി കുത്തിവച്ചതിനെ തുടർന്ന് മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവത്തിൽ പ്രതികളുടെ കൂടുതൽ മൊഴി പുറത്ത്. വിജിലിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തി എട്ടു മാസത്തിനുശേഷം ഒരു അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികൾ മൊഴി നൽകി. വിജിലിന്റെ ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷൻ സമീപം ഉപേക്ഷിച്ചതായും അന്വേഷണ സംഘത്തിന് മനസ്സിലായി.ഇത് കണ്ടെത്താനുള്ള ശ്രമം ഇന്ന് നടത്തും.

വെസ്റ്റ് ഹിൽ ചുങ്കം സ്വദേശിയായ വിജിലിൻ്റെ മരണത്തിൽ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് എലത്തൂർ പൊലിസിൻ്റെ പിടിയിലായത്. 2019ൽ ആണ് കേസിനാസ്പദമായ സംഭവം. അമിത അളവിൽ ലഹരി മരുന്ന് നൽകിയതിനെ തുടർന്ന് വിജിൽ ബോധരഹിതനായപ്പോൾ കുഴിച്ചിടുകയായിരുന്നു. സരോവരം പാർക്കിൽ കുഴിച്ചിട്ടതാണെന്നായിരുന്നു നേരത്തെ പിടിയിലായ യുവാക്കൾ മൊഴി നൽകിയിരുന്നത്

അതേസമയം, റിമാൻഡിൽ ഉള്ള ഒന്നും മൂന്നും പ്രതികളായ നിഖിലിനെയും ദീപേഷിനെയും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം ഇന്ന് അപേക്ഷ നൽകും. കൊയിലാണ്ടി കോടതിയിലാണ് അപേക്ഷ നൽകുക. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാലുടൻ മൃതദേഹം കണ്ടെടുക്കാനടക്കം നടപടികൾ തുടങ്ങുമെന്ന് പൊലീസ് അറിയിച്ചു.