റിലയന്‍സ് ഫൗണ്ടേഷന്റെ വന്‍താരയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ പ്രത്യേക സംഘം രൂപീകരിക്കും; ഉത്തരവിട്ട് സുപ്രിംകോടതി

റിലയന്‍സ് ഫൗണ്ടേഷന്‍ നടത്തുന്ന വന്‍താരയ്‌ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഉത്തരവിട്ട് സുപ്രിംകോടതി. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് സംഘം അന്വേഷിക്കും. മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വറായിരിക്കും എസ്‌ഐടിക്ക് നേതൃത്വം നല്‍കുക. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നടപടി. വന്യജീവി സംരക്ഷണത്തിനായി തുടങ്ങിയ വന്‍താരയെ കുറിച്ച് വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സി.ആര്‍. ജയ സുകിന്‍ എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. വന്‍താരയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് പ്രസന്ന ബി വരാലെ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.

ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാന്‍ (മുന്‍ ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്), ഹേമന്ത് നഗ്രാലെ, ഐപിഎസ് (മുന്‍ പൊലീസ് കമ്മീഷണര്‍, മുംബൈ), അനീഷ് ഗുപ്ത (അഡീഷണല്‍ കമ്മീഷണര്‍ കസ്റ്റംസ്) എന്നിവരായിരിക്കും അന്വേഷണം സംഘത്തിലെ മറ്റ് അംഗങ്ങള്‍.