രാഹുൽ മാങ്കൂട്ടത്തിൽ വിവാദം അവസാനിപ്പിക്കാൻ കോൺഗ്രസ്; വിഷയം ഇനി ചർച്ച ചെയ്യേണ്ടതില്ലെന്ന് തീരുമാനം

രാഹുൽ മാങ്കൂട്ടത്തിൽ വിവാദം അവസാനിപ്പിക്കാൻ കോൺഗ്രസ്. വിഷയം ഇനി ചർച്ചക്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. കൂടുതൽ പരാതികൾ വരുന്നുവെങ്കിൽ മാത്രം രാഷ്ട്രീയമായി നേരിടണമെന്നും നേതൃതലത്തിൽ ധാരണയായി. രാജിയ്ക്കായി സമരം തുടരുമെങ്കിലും സിപിഐഎമ്മും സമ്മർദ്ദം ശക്തമാക്കില്ല.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എം.എൽ.എ സ്ഥാനത്ത് നിന്നുള്ള രാജി തൽക്കാലം കോൺഗ്രസിന്റെ അജണ്ടയിൽ ഇല്ല. പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതോടെ വിവാദം അവസാനിക്കും എന്നാണ് കണക്ക് കൂട്ടൽ. സി.പി.ഐ എമ്മിന്റെയും ബി.ജെ.പിയുടെയും സമരങ്ങളും കൂടുതൽ ദിവസം തുടരില്ല എന്ന് നേതൃത്വം കരുതുന്നു. അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിലും മിതത്വം പാലിക്കാനാണ് നീക്കം. കൂടുതൽ പരാതികൾ വരുന്നെങ്കിൽ നേതൃത്വം പരിശോധിക്കും. പാർട്ടി തല അന്വേഷണം ഉണ്ടാവില്ല. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് നിർദ്ദേശിക്കും.

അതേസമയം, പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് വിഷയത്തിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കാം. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടർ പട്ടിക വിവാദത്തിലും, സംസ്ഥാന സർക്കാരിനെതിരായ വിഷയങ്ങളിലും സമരം തുടരാനാണ് തീരുമാനം. യൂത്ത് കോൺഗ്രസ് തൃശ്ശൂരിലേക്ക് നേരത്തെ നിശ്ചയിച്ച ലോങ്ങ് മാർച്ച് വൈകാതെ സംഘടിപ്പിക്കും. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ പുനഃരാരംഭിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ്റെ വിഷയത്തിലും ചർച്ചകൾ തുടരും. സസ്പെൻഡ് ചെയ്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിട്ടില്ല. രാഹുൽ എന്തു പ്രതിരോധം ഉയർത്തും എന്നതും കാത്തിരുന്നു കാണണം.