ആഗോള അയ്യപ്പ സംഗമത്തിൽ വിവാദങ്ങൾ തുടരുന്നതിനിടെ പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊട്ടാരം പ്രതിനിധികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടിക്കാഴ്ച നടത്തും. യുവതി പ്രവേശന കാലത്തെ കേസുകൾ പിൻവലിക്കാത്തതാണ് പന്തളം കൊട്ടാരത്തിന്റെ അതൃപ്തിക്ക് പിന്നിൽ.
രാവിലെ എട്ടുമണിക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും ബോർഡ് അംഗങ്ങളും പന്തളത്ത് എത്തും. എസ്എൻഡിപിയും എൻഎസ്എസും അയ്യപ്പ സംഗമത്തെ പിന്തുണച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു. പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപിയും കോൺഗ്രസും. ഈ മാസം 20നാണ് പമ്പാ ത്രവേണി സംഗമത്തിൽ അയ്യപ്പ സംഗമം നടക്കുക.
അതേസമയം ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹർജിക്കെതിരെ സർക്കാരും, ദേവസ്വം ബോർഡും ഇന്ന് കോടതിയിൽ വിശദീകരണം നൽകും. ശബരിമലയുടെ സമഗ്ര വികസനത്തിന് ഗുണം ചെയ്യുമെന്ന നിലപാട് കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ചില അവ്യക്തതകൾ കോടതിക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോടതി മറുപടി ആവശ്യപ്പെട്ടത്. മൂന്ന് ഹർജികളാണ് ആഗോള അയ്യപ്പ സംഗമത്തിനെതിരെ വന്നത്. ഹർജികൾ ദേവസ്വം ബെഞ്ച് പരിഗണിച്ചാൽ മതിയെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് നിർദേശം നൽകിയിരുന്നു.