ശബരിമല യുവതി പ്രവേശനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. നിലപാട് തിരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടോ എന്നും വി മുരളീധരന്‍ ചോദിച്ചു.
സുപ്രീംകോടതിയെ ദേവസ്വം അറിയിച്ചിട്ടുണ്ട് എന്നത് നമ്മളോട് പറയുന്നതല്ലേ. അവിടെ കൊടുത്തോ എപ്പോഴാണ് കൊടുത്തത് എന്താണ് കൊടുത്തത് എന്നറിയില്ല. സര്‍ക്കാരും ദേവസ്വവും ഈ നാട്ടിലെ വിശ്വാസികളുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായിട്ട് പോകണം എന്നുള്ളതാണ് ബിജെപിയുടെ നിലപാട്. അതുകൊണ്ട് പമ്പയില്‍ അയ്യപ്പ സംഗമം നടത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ കാലങ്ങളില്‍ എടുത്തിട്ടുള്ള സമീപനം തെറ്റാണ് എന്ന് ബോധ്യമായിട്ടുള്ള സാഹചര്യത്തില്‍ അത് തിരുത്തണം – അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാടില്‍ നിന്ന് പിന്‍മാറാനുള്ള നീക്കം ദേവസ്വം ബോര്‍ഡ് മുന്നോട്ട് വെക്കുന്നുണ്ട്. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തുന്നത് നിയമവിധരുമായ ആലോചിച്ചു തീരുമാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിനായി വെര്‍ച്ച്വല്‍ ക്യു രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും എന്നും, 500 വിദേശ പ്രതിനിധികള്‍ അടക്കം 3000 പേരെ പങ്കെടുപ്പിക്കും എന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ വാദിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ മറുപടി. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണം. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ശബരിമല ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് സുപ്രീംകോടതി അറിയിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.