ഈ മാസം 30 മുതല്‍ നവംബര്‍ രണ്ട് വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിത ഏകദിന ലോകകപ്പ് വിജയികള്‍ക്ക് ലഭിക്കുക വമ്പന്‍ സമ്മാനത്തുക. ഇതുവരെ നല്‍കിയതില്‍ വെച്ച് ഏറ്റവും വലിയ സമ്മാനത്തുകയായിരിക്കും വിജയികള്‍ക്കും പ്രധാന സ്ഥാനങ്ങളിലെത്തുന്ന മറ്റു ടീമുകള്‍ക്കും നല്‍കുകയെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022-ല്‍ ന്യൂസിലന്‍ഡില്‍ നടന്ന ലോകകപ്പിന്റെ സമ്മാനത്തുകയുമായി താരതമ്യപ്പെടുത്തുമ്പോഴായിരിക്കും പുതിയ പ്രൈസ് മണിയിലെ വര്‍ധനവ് ശരിക്കും മനസിലാകുക. 3.5 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 30 കോടി രൂപ) ആയിരുന്നു അന്ന് കിരീടം ചൂടിയ ടീമിന് ലഭിച്ചതെങ്കിലും ഇത്തവണ അത് 13.88 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 122.51 കോടിയിലധികം രൂപ) ആണ്. 297 ശതമാനം വര്‍ധനവ് വരുത്തിയതോടെയാണ് സമ്മാനത്തുക ഇത്രയും ഉയര്‍ന്നത്. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയില്‍ നടന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിലെ വിജയികള്‍ക്ക് ലഭിച്ചത് പത്ത് ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 88 കോടി രൂപ) ആയിരുന്നുവെന്നത് ഓര്‍ക്കണം.
The Best Online Portal in Malayalam