മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. സെപ്റ്റംബര്‍ ഒന്‍പതിന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മാറ്റം. ഐഎന്‍എല്‍ഡി അധ്യക്ഷനും കുടുംബ സുഹൃത്തുമായ അഭയ് സിംഗ് ചൗട്ടാലയുടെ ഛത്തര്‍പൂറിലെ ഫാം ഹൗസിലേക്കാണ് താമസം മാറുന്നത്. ചൗട്ടാല ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറിയത്.
ജൂലൈ 21ന് സ്ഥാനം രാജിവച്ച ശേഷം ഇന്ന് ഡല്‍ഹി സൈനിക ആശുപത്രിയിലേക്ക് പോകാനാണ് ധന്‍കര്‍ ആദ്യമായി പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അദ്ദേഹം ഔദ്യോഗിക വസതിയിലേക്ക് മാറിയത്. സര്‍ക്കാര്‍ വസതി ലഭിക്കുന്നത് വരെ ഛത്തര്‍പൂര്‍ എന്‍ക്ലേവില്‍ തുടരും. മുന്‍ നിയമസഭാംഗമെന്ന നിലയിലുള്ള പെന്‍ഷനുവേണ്ടി കഴിഞ്ഞ ആഴ്ച രാജസ്ഥാന്‍ നിയമസഭാ സെക്രട്ടേറിയറ്റിലും ധന്‍കര്‍ അപേക്ഷ നല്‍കി.
1993 മുതല്‍ 1998 വരെ രാജസ്ഥാനിലെ കിഷന്‍ഗഡില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ധന്‍കര്‍. 2019-ല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കപ്പെടുന്നത് വരെ എംഎല്‍എ പെന്‍ഷന്‍ ലഭിച്ചിരുന്നു. 2022-ലാണ് അദ്ദേഹം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.