മുൻ ഉപ രാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉടൻ ഔദ്യോഗിക വസതി ഒഴിയും. സെപ്റ്റംബർ 9 ന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ആണ് നീക്കം. ധൻകറിന് ഇതുവരെ മുൻ ഉപരാഷ്ട്ര പതിമാർക്കുള്ള ഔദ്യോഗിക വസതി അനുവദിച്ചിട്ടില്ല. ഔദ്യോഗിക വസതി ഒഴിയുന്ന ധൻകർ സൗത്ത് ഡൽഹിയിലെ ഛത്തർപൂർ എൻക്ലേവിലുള്ള സ്വകാര്യ വസതിയിലേക്ക് താമസം മാറാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
രാജസ്ഥാൻ മുൻ എംഎൽഎ എന്ന നിലയിൽ പെൻഷന് അദ്ദേഹം വീണ്ടും അപേക്ഷ നൽകിയിരുന്നു. 1993 മുതൽ 1998 വരെ രാജസ്ഥാനിലെ കിഷൻഗഢ് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2019 വരെ ധൻകറിന് എംഎൽഎ പെൻഷൻ ലഭിച്ചിരുന്നു. പശ്ചിമ ബംഗാൾ ഗവർണറായതോടെയാണ് അദ്ദേഹത്തിന് പെൻഷൻ നിർത്തിയത്. പിന്നീടാണ് ഉപരാഷ്ട്രപതിയായത്.
ജൂലൈ 21നാണ് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ധൻകർ ഉപരാഷ്ട്രപതി പദവിയിൽ നിന്ന് രാജി വെച്ചത്. എംഎൽഎ പെൻഷനായുള്ള അദേഹത്തിന്റെ അപേക്ഷയിൽ നടപടികൾ ആരംഭിച്ചതായും ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ ദിവസം മുതലുള്ള പെൻഷൻ അദ്ദേഹത്തിന് ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.