ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗ്‌ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ച സാഹചര്യത്തിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനായി ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജ് തയ്യാറായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ, ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ഇലക്ടറൽ കോളേജ്.
ഇന്ത്യ ഭരണഘടനയുടെ അനുചേദം 324 പ്രകാരം തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രപതി ചുമതലപ്പെടുത്തിയിരുന്നു. അതേസമയം, ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായുള്ള ചർച്ചകളും സജീവമാണ്. എൻ ഡി എയുടെ സ്ഥാനാർഥി ബിജെപിയിൽ നിന്ന് ആകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് അടുത്ത ബീഹാറിൽ രാഷ്ട്രീയനേട്ടത്തിന് ഉതകുന്ന തരത്തിലാകും അടുത്ത സ്ഥാനാർഥിയെന്നും സൂചന ഉണ്ട്. തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി പൊതു സ്ഥാനാർഥിയെ നിർത്തണമെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിർദ്ദേശം.