ന്യൂഡൽഹി ∙ പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഡൽഹിയിലെത്തിയത് ചൈനീസ് രാഷ്ട്രീയ-നയതന്ത്ര രംഗത്തെ ഏറ്റവും സ്വാധീനമുള്ള രണ്ട് പ്രമുഖ നേതാക്കൾക്കൊപ്പമാണ്. ഷി ചിൻപിങ്ങിന്റെ ചീഫ് ഓഫ് സ്റ്റാഫ് സായ് ചീ, വിദേശകാര്യ മന്ത്രി വാങ് യി എന്നിവരാണ് അദ്ദേഹത്തെ അനുഗമിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലനിന്നിരുന്ന കടുത്ത അതിർത്തി സംഘർഷങ്ങൾക്ക് ശേഷം ഇന്ത്യയും ചൈനയും തങ്ങളുടെ നയതന്ത്ര ബന്ധം വീണ്ടെടുക്കാൻ ജാഗ്രതയോടെ ശ്രമിക്കുന്നതിനിടയിലാണ് ഏഴു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി ജനറൽ ഓഫിസ് ഡയറക്ടറും പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ സായ് ചീ എന്ന എഴുപതുകാരൻ ഷി ചിൻപിങ്ങിന്റെ ഏറ്റവും അടുത്ത രാഷ്ട്രീയ വിശ്വസ്തനാണ്. ചൈനീസ് ഭരണകൂടത്തിന്റെ ഭരണ-സംഘടനാ തലപ്പത്ത് നിർണായക സ്വാധീനമുള്ള ഇദ്ദേഹത്തെ ഷി ചിൻപിങ്ങിന്റെ ‘യഥാർഥ ചീഫ് ഓഫ് സ്റ്റാഫ്’ എന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് വിശേഷിപ്പിച്ചത്. ഫുജിയാൻ, സെജിയാങ് പ്രവിശ്യകളിൽ ഒന്നിച്ചു പ്രവർത്തിച്ച കാലം തൊട്ടുള്ള ദീർഘകാലത്തെ വ്യക്തിബന്ധമാണ് ഇരുവർക്കുമുള്ളത്. 2017ൽ പൊളിറ്റ് ബ്യൂറോയിലെത്തിയ സായ് ചീ ജൂണിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് പരിശീലനം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനമായ സെൻട്രൽ പാർട്ടി സ്കൂളിന്റെ തലവനായി നിയമിക്കപ്പെട്ടു.
ഷി ചിൻപിങ്ങിന്റെ ആഗോള തലത്തിലുള്ള നയതന്ത്ര നീക്കങ്ങളുടെയും ലക്ഷ്യങ്ങളുടെയും പ്രധാന ആസൂത്രകനാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. 2013 മുതൽ ചൈനയുടെ വിദേശകാര്യ മന്ത്രിയായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തെ ഷി ചിൻപിങ്ങിന്റെ ആഗോളകാര്യങ്ങളുടെ മുഖ്യ പ്രചാരകനായാണ് രാജ്യാന്തര മാധ്യമങ്ങൾ വിലയിരുത്തുന്നത്. നിലവിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവും സെൻട്രൽ കമ്മിഷൻ ഫോർ ഫോറിൻ അഫയേഴ്‌സ് ഓഫിസ് ഡയറക്ടറുമാണ് 1953ൽ ജനിച്ച വാങ് യി. ഈ രണ്ട് പ്രമുഖരുടെയും സാന്നിധ്യത്തിൽ ഡൽഹിയിൽ നടക്കുന്ന മോദി-ഷി ചിൻപിങ് ചർച്ചകളെ അതീവ പ്രാധാന്യത്തോടെയാണ് രാജ്യാന്തര സമൂഹം നോക്കിക്കാണുന്നത്.






