തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ എസ്എഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഏകപക്ഷീയമായ ആക്രമണങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം. നടന്നത് കേരള പോലീസും യൂത്ത് കോൺഗ്രസും സംയുക്തമായി നടത്തിയ ആക്രമണം. യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്തുനിന്ന് പ്രതിഷേധം ആരംഭിക്കാനുള്ള തീരുമാനവും ദുരൂഹം. മാർച്ച് ഹോസ്റ്റൽ പരിസരത്തുനിന്ന് ആരംഭിക്കാൻ അനുമതിയുണ്ടായിരിന്നോ എന്ന് അന്വേഷിക്കണം.
ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ കല്ലെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും അവരെ പിന്തിരിപ്പിക്കാൻ നേതൃത്വമോ പൊലീസോ തയ്യാറായില്ല. മാത്രമല്ല, മാർച്ചിന് ശേഷം തിരികെയെത്തി അക്രമം തുടർന്ന യൂത്ത് കോൺഗ്രസുകാർക്ക് പൊലീസ് പൂർണ്ണ സംരക്ഷണം നൽകുകയും ചെയ്തു. പിന്നീട് പ്രശ്നപരിഹാരത്തിനെന്ന വ്യാജേന വാർഡന്റെ അനുമതി പോലുമില്ലാതെ ഹോസ്റ്റൽ ഗേറ്റ് തകർത്ത് അകത്തുകയറിയ പൊലീസ് എസ്.എഫ്.ഐ പ്രവർത്തകരെ മൃഗീയമായി മർദ്ദിക്കുകയാണുണ്ടായത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികളെ ശാന്തരാക്കാൻ എത്തിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെപ്പോലും പൊലീസ് തല്ലിച്ചതച്ചു. ഈ അതിക്രമത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും നാൽപ്പതോളം പേർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസ് അക്രമികൾ തടഞ്ഞുവെച്ച മനുഷ്യത്വരഹിതമായ സംഭവത്തിന് പോലും പൊലീസ് മൗനാനുവാദം നൽകുകയാണുണ്ടായതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
പൊതുമുതൽ നശിപ്പിച്ച യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പി.ഡി.പി.പി ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്താൻ തയ്യാറാകാത്ത പോലീസ്, പോലീസിന്റെ തേർവാഴ്ചയ്ക്കെതിരെ പ്രതിഷേധിച്ച സി.പി.ഐ.(എം) നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയ് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതിലെ ഇരട്ടനീതിയും കത്തിൽ എടുത്തുപറയുന്നുണ്ട്. ഇതിനുപുറമെ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രിയുടെ പേരുൾപ്പെടെ പരാമർശിച്ച് ഭീഷണിപ്പെടുത്തിയ കന്റോൺമെന്റ് എസ്.ഐയുടെ നടപടി പോലീസ് ആക്ടിന്റെ നഗ്നമായ ലംഘനമാണെന്നും ഇത് സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമം സംരക്ഷിക്കാൻ ബാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥർ തന്നെ നിയമലംഘകർക്ക് കുടപിടിക്കുന്ന ഈ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രി അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.








