തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലെ പൊലീസ് നടപടിയിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ പ്രതിഷേധം . കോഴിക്കോട് ബിജെപിയുടെ പ്രതിഷേധത്തിൽ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോയില്ല.
തിരുവനന്തപുരത്ത് സിപിഐഎം ഡിവൈഎഫ്ഐ എസ്എഫ്ഐ സംയുക്തമായി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. പരിപാടിക്ക് എത്തിയ രണ്ട് എസ്എഫ്ഐ പ്രവർത്തകരെ കണ്ടോൺമെൻറ് പൊലീസ് ആക്രമിച്ചു എന്നാണ് ആരോപണം. എസ് ഐ ഗോകുലിന്റെ നേതൃത്വത്തിൽ ദേഹ പരിശോധന നടത്തി തുടർന്നാണ് വീണ്ടും പ്രതിഷേധവുമായി വിദ്യാർഥികളും ഡിവൈഎഫ്ഐ പ്രവർത്തകരും സംഘടിച്ചത് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു.കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ തകർത്തു.
എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. പ്രവർത്തകർ മഹാരാജാസ് കോളേജിന്റെ മെൻസ് ഹോസ്റ്റലിലേക്ക് കയറാൻ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ശ്രമം ഉപേക്ഷിച്ച് പിരിഞ്ഞുപോകുകയായിരുന്നു. സിപിഐഎമ്മിന്റെ കൊടി നശിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. മാർച്ച് ഓഫീസിന് മുന്നിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമങ്ങൾ പൊലീസ് തടഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും പ്രതിഷേധം സമാധാനപരമായി അവസാനിച്ചു.
അതേസമയം, കാസർഗോഡ് തൃക്കരിപ്പൂർ നടക്കാവിൽ മന്ത്രി ഒ ജെ ജനീഷിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയും യുഡിഎഫ് – എൽഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടാകുകയും ചെയ്തു.







