Headlines

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ സമര പരമ്പര തീർക്കാൻ പ്രതിപക്ഷം

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ ഡൽഹിയിൽ സമര പരമ്പര തീർക്കാൻ പ്രതിപക്ഷം. യൂത്ത് കോൺഗ്രസ്‌, ഡിവൈഎഫ്ഐ, എസ്എഫ്ഐ, എംഎസ്എഫ്, യൂത്ത് ലീഗ്, ഐസ എന്നീ സംഘടനകളാണ് ജന്തർ മന്തർ കേന്ദ്രീകരിച്ച് പ്രതിഷേധിക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള രാജ്യവ്യാപക കലക്ടറേറ്റ് മാർച്ചിനും ഇന്ന് തുടക്കമാകും. ജില്ലാ മജിസ്‌ട്രേറ്റ് ആസ്ഥാനങ്ങളിലേക്ക് ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ നടത്തും

കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധം ഇന്ന് നടക്കും. മുംബൈ ദാദറിലെ ശിവാജി പാർക്കിൽ വൈകിട്ട് നാല് മണിക്കാണ് പ്രതിഷേധം. മുംബൈ പോലീസ് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് അഭിജിത് ദീപ്കെ പ്രഖ്യാപിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ നഗരത്തിൽ സുരക്ഷയും പൊലീസ് കാവലും ശക്തമാക്കി.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ഉടൻ വേണ്ടെന്നാണ് ഇന്ത്യ സഖ്യ യോഗത്തിലെ നിലപാട്.പാർലമെന്റിലെ പ്രമേയങ്ങളേക്കാൾ തെരുവിലെ പോരാട്ടമാണ് ആവശ്യമെന്ന് ഇന്ത്യ സഖ്യ യോഗത്തിൽ ഇടതു പാർട്ടികളും, തൃണമൂൾ കോൺഗ്രസും ചൂണ്ടികാട്ടി. പുതിയ വോട്ടർമാർക്കുള്ള ഓൺലൈൻ ‘ഫോം 6’ ചട്ടവിരുദ്ധമായി മാറ്റിയതിൽ കമ്മീഷനെയും ഐടി പങ്കാളിയായ ടാറ്റാ കൺസൾട്ടൻസി സർവീസിനെയും ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി രംഗത്തെത്തി.കമ്പനിക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നോ എന്നാണ് കോൺഗ്രസ്‌ ചോദ്യം.