Headlines

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട്, നാളെ 6 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. കോഴിക്കോട് വയനാട് മലപ്പുറം എറണാകുളം ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്.

ഒക്ടോബർ നാല് മുതൽ ഏഴ് വരെ കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.

കേരളത്തിൽ വ്യാപകമായും ലക്ഷദ്വീപിൽ ചില സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.