Headlines

വൈദ്യുതിനിരക്ക് എത്ര വേണമെങ്കിലും കൂട്ടിക്കോ; ഈ പഞ്ചായത്തിന് ഷോക്കടിക്കില്ല! സ്വന്തം സോളറിൽ തിളങ്ങി പെരളശ്ശേരി

കണ്ണൂർ ∙ വൈദ്യുതിനിരക്ക് എത്ര കൂടിയാലും പെരളശ്ശേരി പഞ്ചായത്തിന് ഷോക്കടിക്കില്ല. സ്വന്തം സോളർ പ്ലാന്റിൽനിന്ന് 600 യൂണിറ്റ് വൈദ്യുതിയാണ് പഞ്ചായത്ത് ദിവസവും കെഎസ്ഇബി ഗ്രിഡിലേക്കു നൽകുന്നത്. ഇത്രയും യൂണിറ്റ് എന്നും സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം.

രണ്ടുമാസം കൂടുമ്പോൾ ഒരുലക്ഷം രൂപ ബില്ലടച്ചിരുന്നിടത്ത് ഇത്തവണത്തെ ബിൽ 25,000 രൂപ. ഏപ്രിൽ വരെ ഒരു രൂപപോലും അടയ്ക്കേണ്ടി വന്നില്ല. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് കണ്ടെത്തിയ സ്ഥലത്ത് രണ്ടുവർഷം മുൻപാണ് സോളർപ്ലാന്റ് സ്ഥാപിച്ചത്.

കേന്ദ്ര, തദ്ദേശസ്ഥാപന ഫണ്ടുകൾ ചെലവിട്ട് റുർബൻ പദ്ധതിയിൽ 1.15 കോടി രൂപ ചെലവിട്ടാണ് പ്ലാന്റ് സ്ഥാപിച്ചത്. കേരളത്തിലെ സ്വന്തമായി സോളർ പ്ലാന്റുള്ള ഏക തദ്ദേശസ്ഥാപനമാണ് പെരളശ്ശേരി. 40 സെന്റ് സ്ഥലത്ത് 276 സോളർ പാനലുകളാണുള്ളത്.

പഞ്ചായത്ത് ഓഫിസ്, 15 അനുബന്ധ സ്ഥാപനങ്ങൾ, പ്രാഥമികാരോഗ്യകേന്ദ്രം, അങ്കണവാടികൾ തുടങ്ങിയവയുടെ ആവശ്യവും ഈ വൈദ്യുതിയിൽനിന്നാണു നിറവേറ്റുന്നതെന്ന് പ്രസിഡന്റ് ടി.സുനീഷ് പറഞ്ഞു.