നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി’ യോജനയിൽ ഓരോ 6 ദിവസവും ചേരുന്നത് ഒരുലക്ഷം പുതിയ കുടുംബങ്ങൾ. ഇതുവരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 49.44 ലക്ഷം വീടുകളാണ് പദ്ധതിയുടെ ഭാഗമായത്. 2026ന്റെ അവസാനത്തോടെ 75 ലക്ഷം വീടുകളാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
കേരളത്തിൽ ഉൾപ്പെടെ വലിയ സ്വീകാര്യത നേടിയ പദ്ധതിക്കായി 75,021 കോടി രൂപ വിനിയോഗിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇതുവരെ 27,855.99 കോടി രൂപ സബ്സിഡിയായി ഉപഭോക്താക്കൾക്ക് കേന്ദ്രം കൈമാറിയിട്ടുണ്ട്. 2024ൽ ആരംഭിച്ച പദ്ധതിയിൽ ആദ്യ ഒരുലക്ഷം പേരെ നേടാൻ 118 ദിവസം വേണ്ടിവന്നിരുന്നു. എന്നാൽ ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുത്തപ്പോൾ ഓരോ ലക്ഷം പേരെയും ചേർക്കാൻ വേണ്ടിവന്നത് 19 ദിവസങ്ങളായിരുന്നു. ഇതാണ് ഇപ്പോൾ 6 ദിവസത്തിലേക്ക് ചുരുങ്ങിയത്.മൊത്തം 14,653.23 മെഗാവാട്ട് ശേഷിയുടെ പുരപ്പുറ സോളറുകളാണ് പദ്ധതിയുടെ ഭാഗമായി ഇതിനകം സ്ഥാപിച്ചത്. കേരളത്തിൽ ഇതിനകം 4,21,734 അപേക്ഷകൾ പദ്ധതിക്കായി ലഭിച്ചു. 3.17 ലക്ഷം വീടുകൾ ഇതുവരെ പദ്ധതിയുടെ ഭാഗമായി. 1203.02 മെഗാവാട്ടാണ് സംയോജിത ഉൽപാദനശേഷി. 2073.8 കോടി രൂപ സംസ്ഥാനത്ത് സബ്സിഡിയായി ഉപഭോക്താക്കൾക്ക് അനുവദിക്കുകയും ചെയ്തു. തൃശൂർ, കൊല്ലം, ആലപ്പുഴ ജില്ലകൾ രാജ്യത്ത് പുരപ്പുറ സോളർ വ്യാപനത്തിൽ ഏറ്റവും മുൻനിരയിലാണ്.
പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന എന്ന പദ്ധതി വൻ വിജയമായതോടെ, രണ്ടാംഘട്ടം (2.0) അവതരിപ്പിക്കാനുള്ള ആലോചനയിലാണ് കേന്ദ്രം. ഉപഭോക്താക്കൾക്ക് കൂടുതൽ വായ്പാ സൗകര്യം, ദീർഘകാല സർവീസ്, പുരപ്പുറം പങ്കുവയ്ക്കൽ (റൂഫ്ടോപ് ഷെയറിങ്), മികച്ച ബാറ്ററി സ്റ്റോറേജ് തുടങ്ങിയ സൗകര്യങ്ങൾ ആയിരിക്കും 2.0ൽ പ്രതീക്ഷിക്കുന്നത്. അനുയോജ്യമായ മേൽക്കൂര ഇല്ലാത്ത വീടുകൾക്ക് സമീപത്തെ വീടിന്റെ മേൽക്കൂരയിൽ സ്ഥാപിക്കുന്ന സോളർ വഴി വൈദ്യുതി ഉപയോഗിക്കാവുന്ന സൗകര്യം 2.0ന്റെ ആകർഷണമായിരിക്കും.
എങ്ങനെയാണ് സബ്സിഡി?
പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന പ്രകാരം 3 വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കുക. ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെ. 2 കിലോവാട്ടിന് 60,000 രൂപവരെ. 3 കിലോവാട്ടിന് പരമാവധി 78,000 രൂപ.എങ്ങനെ വൈദ്യുതി ബിൽ ലാഭിക്കാം?
നിങ്ങൾ നിലവിൽ പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നും പ്രതിമാസ ബിൽ 2400 രൂപയാണെന്നും കരുതുക. പരമാവധി സബ്സിഡി കിട്ടുന്ന 3 കിലോവാട്ടിന്റെ സോളർ സിസ്റ്റം നിങ്ങൾ പുറപ്പുറത്തു സ്ഥാപിച്ചുവെങ്കിൽ 250 മുതൽ 350 യൂണിറ്റുവരെ വൈദ്യുതി ഉൽപാദിപ്പിക്കാനാകും. അതായത്, വൈദ്യുതി ബിൽ ഏറക്കുറെ പൂജ്യമാക്കാം.
ഇനി നിങ്ങൾ വാങ്ങിവച്ചത് ഒരുകിലോട്ട് സിസ്റ്റം ആണെങ്കിൽ വൈദ്യുതി ഉൽപാദനം ഏതാണ്ട് 90 മുതൽ 120 യൂണിറ്റുവരെയാകാം. 2 കിലോവാട്ട് സിസ്റ്റം ആണെങ്കിൽ 180-250 യൂണിറ്റുവരെയും. ഫലത്തിൽ, വൈദ്യുതി ബില്ലിൽ വലിയ കുറവുതന്നെയുണ്ടാകും.
ചെലവും തിരിച്ചുപിടിക്കലും
ഒരു കിലോവാട്ട് സോളർ സിസ്റ്റം സ്ഥാപിക്കാൻ ഏതാണ്ട് 60,000 രൂപ മുതൽ 80,000 രൂപവരെ ചെലുവരാം. സർക്കാർ നൽകുന്ന പരമാവധി സബ്സിഡി 30,000 രൂപ. ഫലത്തിൽ ഉപഭോക്താവിന് ചെലവാകുന്നച് 30,000 മുതൽ 50,000 രൂപവരെ. വൈദ്യുതി ബില്ലിലുണ്ടാകുന്ന ലാഭവും പരിഗണിച്ചാൽ ഏതാണ്ട് 4 വർഷത്തിനകം മുടക്കുമുതൽ ലാഭിക്കാം.
2 കിലോവാട്ട് സിസ്റ്റം സ്ഥാപിച്ചാൽ ചെലവ് 1.20 ലക്ഷം മുതൽ 1.60 ലക്ഷം രൂപവരെയാകാമെന്ന് വിപണിയിലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 60,000 രൂപവരെയാണ് സബ്സിഡി. 5 വർഷത്തിനകം മുടക്കുമുതൽ തിരിച്ചുപിടിക്കാനാകും. 3 കിലോവാട്ട് സിസ്റ്റത്തിന് ചെലവ് 1.80 ലക്ഷം രൂപ മുതൽ 2.5 ലക്ഷം രൂപവരെ. 78,000 രൂപവരെയാണ് സബ്സിഡി. 5-6 വർഷത്തിനകം മുടക്കുമുതൽ തിരിച്ചുപിടിക്കാനാകുമെന്ന് കണക്കുകൾ പറയുന്നു.
വൈദ്യുതിയിലെ അധിക ഉൽപാദനം കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നൽകുന്നതും ഉപഭോക്താവിന് സാമ്പത്തികലാഭം നേടിത്തരും. ചിലർ വായ്പ എടുത്താകും സോളർ സിസ്റ്റം സ്ഥാപിക്കുന്നത്. അത്തരക്കാർക്ക് മുടക്കുമുതൽ തിരികെപ്പിടിക്കാൻ ഒന്നോ രണ്ടോ വർഷം കൂടുതൽ എടുത്തേക്കാം.








