തിരുവനന്തപുരം∙ കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കോര്‍പറേഷന്‍ കൗണ്‍സില്‍. മേയര്‍ വി.വി.രാജേഷ് ആണ് കൗണ്‍സില്‍ അവധി അപേക്ഷ അംഗീകരിച്ച കാര്യം അറിയിച്ചത്. മേയറുടെ കാസ്റ്റിങ് വോട്ടും പൗണ്ട് കടവ് വാര്‍ഡ് സ്വതന്ത്ര കൗണ്‍സിലര്‍ സുധീഷിന്റെ വോട്ടും ഉള്‍പ്പെടെയാണ് 51 വോട്ടിന് സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ പാസാക്കിയത്.സുഗതനെ ആറുമാസത്തേക്ക് കൗണ്‍സില്‍ യോഗത്തില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കിയതായും മേയര്‍ അറിയിച്ചു. 2026 ജൂലൈ 2 ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറും മേയര്‍ വി.വി.രാജേഷ് വായിച്ചു. സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ വോട്ടിനിട്ട് അംഗീകരിച്ചാല്‍ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമാക്കാമെന്ന് സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു സുഗതന്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് വഴി സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആഭ്യന്തരവകുപ്പ് ഇക്കാര്യം അറിയിച്ചതെന്നും മേയര്‍ പറഞ്ഞു. ഇതോടെ മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം ഹാളിന്റെ നടുത്തളത്തിൽ ഇറങ്ങി.1994 ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 91ാം വകുപ്പു പ്രകാരം അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അംഗം അയോഗ്യനാകും. സുഗതന്‍ അയോഗ്യനായാല്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ ഭരിക്കുന്ന ബിജെപിയുടെ കേവലഭൂരിപക്ഷം നഷ്ടമാകുന്ന നിലയാണ് ഉണ്ടായിരുന്നത്. അവധി അപേക്ഷ വോട്ടെടുപ്പില്‍ അംഗീകരിച്ചതോടെ ബിജെപി ഈ വെല്ലുവിളി മറികടന്നു.
ജയിലില്‍ ആയതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മേയര്‍ക്ക് സുഗതന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കൗണ്‍സിലിന്റെ അനുമതിയോടെ 6 മാസം വരെ അവധി അനുവദിക്കാന്‍ മുനിസിപ്പാലിറ്റി നിയമത്തില്‍ വ്യവസ്ഥയുണ്ട്. കാപ്പ കേസില്‍ ജൂണ്‍ 9 ന് ആണ് സുഗതന്‍ അറസ്റ്റിലായത്. ഇതിനു മുന്‍പും ശേഷവും നടത്തിയ രണ്ടു കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തിട്ടില്ല.കൗണ്‍സിലിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കാന്‍ കുറച്ചുനാളുകളായി ശ്രമിക്കുകയാണെന്നും കൗണ്‍സില്‍ നന്നായി നടക്കാന്‍ വേണ്ടിയാണ് അവധി അപേക്ഷയെ പിന്തുണച്ചതെന്നും പൗണ്ട് കടവ് വാര്‍ഡ് അംഗം സുധീഷ് കുമാര്‍ പറഞ്ഞു. സുഗതന്റെ കുടുംബവുമായി സംസാരിച്ചിരുന്നുവെന്നും കേസിന്റെ പേരില്‍ മാറ്റിനിര്‍ത്തേണ്ട കാര്യമില്ലെന്നും സുധീഷ് പറഞ്ഞു.
ബിജെപിക്കു നിയമങ്ങളും വകുപ്പുകളും അറിയാത്തതുകൊണ്ടാണ് വോട്ടെടുപ്പോടെ അവധി നല്‍കുന്നതെന്നും മുനിസിപ്പാലിറ്റി നിയമത്തില്‍ അവധി നല്‍കാന്‍ വകുപ്പില്ലെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.എസ്.ശബരീനാഥന്‍ പറഞ്ഞു. സുധീഷ് യുഡിഎഫിന്റെ ഭാഗമല്ലെന്നും സ്വതന്ത്രനാണെന്നും ശബരീനാഥന്‍ പറഞ്ഞു. മൂന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ശബരീനാഥന്‍ പറഞ്ഞു.









